Kerala

സ്വര്‍ണക്കടത്തില്‍ ഒരു മന്ത്രി കൂടിയുണ്ട്; അതാരാണെന്ന് തനിക്കറിയാമെന്ന് ചെന്നിത്തല

കെ.ടി ജലീലിന‌് പിന്നാലെ സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെ വെട്ടിലാക്കി ഒരു മന്ത്രി കൂടി സംശയത്തിന്‍റെ നിഴലിലേക്ക്. ഒരു മന്ത്രിയുടെ പങ്കാളിത്തം കൂടി പുറത്ത് വരാനുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. സ്വര്‍ണക്കടത്തില്‍ ഒരു മന്ത്രി കൂടിയുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. മന്ത്രിയാരാണെന്ന് തനിക്കറിയാം. ഇപ്പോള്‍ അത് പുറത്ത് പറയുന്നില്ല. ലൈഫ് പദ്ധതിയിൽ അടിമുടി അഴിമതി ആയതിനാലാണ് വിവരങ്ങൾ തനിക്ക് നൽകാത്തതെന്നും ചെന്നിത്തല പറഞ്ഞു. സ്വപ്ന സുരേഷില്‍ നിന്നും സന്ദീപ് നായരില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സഘം മന്ത്രിയില്‍ നിന്നും വിവരങ്ങള്‍ ആരായാന്‍ ഒരുങ്ങുന്നുവെന്നാണ് സൂചന.

മന്ത്രിയാരെന്ന് പറയാതെയായിരുന്നു ചെന്നിത്തലയുടെ ആരോപണം. പക്ഷേ വരും ദിവസങ്ങള്‍ ജലീലിന് പുറമേ മറ്റൊരു രാഷ്ട്രീയ ആയുധമായി പ്രതിപക്ഷം ഇതും ഉയര്‍ത്തുമെന്ന് വ്യക്തം. സ്വര്‍ണകടത്ത് കേസില‍ സ്വപ്നയുടെയും സന്ദീപിന്‍റെയും മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ് എന്നിവ സാങ്കേതിക പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ നിന്നും ചില നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. അതില്‍ മന്ത്രിയുമായു‌ള്ള ആശയ വിനിമയവും ഉള്‍പ്പെടുന്നുവെന്ന സൂചനകളാണ് ‌ പ്രതിപക്ഷ ആരോപണത്തിന് പിന്നില്‍. മന്ത്രിയില്‍ നിന്നും അന്വേഷണ ഏജന്‍സികള്‍ വിവര ശേഖരണം നടത്തുന്നതിലേക്ക് കടന്നാല്‍ ആരോപണം പ്രതിപക്ഷം കടുപ്പിക്കും. സമരത്തിന് പുതിയ മുഖവും കൈവരും.