Kerala

പരിശുദ്ധ ബാവ എന്നും സഭയുടെ ഭദ്രത കാത്തുസൂക്ഷിച്ച വ്യക്തി; തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത

ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്റെ വിയോഗത്തില്‍ മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ ദുഖം അറിയിക്കുന്നതായി തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത. കേരളകരയിലും ആഗോള വ്യാപകമായ ക്രൈസ്തവ സഭയ്ക്കും മികച്ച നേതൃത്വം നല്‍കിയ വ്യക്തിയാണ് പരിശുദ്ധ ബാവയെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചു.

‘ദൈവവിളിയായി ഈ വിയോഗത്തെ കാണുകയാണ്. ഒരു സമൂഹത്തോടൊപ്പം നിന്ന് നേതൃത്വം നല്‍കേണ്ടി വന്ന മതാചാര്യന്‍ എന്നുള്ള നിലയില്‍ സഭയുടെ ഭദ്രത കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. എല്ലാക്കാലത്തും എല്ലാപ്രശ്‌നങ്ങളിലും സഭയെ ഒരുമിച്ച് നിര്‍ത്താന്‍ അദ്ദേഹം പ്രയത്‌നിച്ചു’. തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത അനുസ്മരിച്ചു.
ഇന്ന് പുലര്‍ച്ചെ 2.30ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു പരിശുദ്ധ ബാവയുടെ അന്ത്യം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആരോഗ്യ നില മോശമായിരുന്ന ബാവയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു. കോട്ടയം ദേവലോകം അരമനയില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. കബറടക്കം നാളെ നടക്കും.