സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് സജി ചെറിയാൻ. തീയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത് അടുത്ത ഘട്ടത്തിൽ പരിഗണിക്കും. സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകിയപ്പോൾ ഉയരുന്ന ആവശ്യമാണ് തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കണമെന്ന്.
തീയേറ്റർ ഉടമകളുടെ സംഘടന ഇക്കാര്യം സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ ആരോഗ്യവകുപ്പിന്റെയും, ഐഎംഎയുടെയും നിർദേശം കണക്കിലെടുത്ത് കൊണ്ട് എ.സി ഹാളുകൾ പ്രവർത്തിക്കുന്ന സംവിധാനമായതിനാൽ ഇത് രോഗവ്യാപനത്തിനിടയാക്കും എന്നതാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ കുറവുണ്ടാകുന്നു അതുകൊണ്ടുതന്നെ തീയേറ്ററുകൾ തുറക്കാനുള്ള അനുകൂല സാഹചര്യമാണുള്ളത്. തീയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത് അടുത്ത ഘട്ടത്തിൽ പരിഗണിക്കുമെന്നാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്.
തീയേറ്റർ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാൻ സഹായം നൽകുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യം സർക്കാരിന്റെ അന്തിമ പരിഗണനയിൽ ആണെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
കൊവിഡിന്റെ ആദ്യ തരംഗത്തിന് ശേഷം 2021 ജനുവരിയാലാണ് പിന്നീട് തീയേറ്ററുകൾ തുറന്നത്. ദീർഘനാൾ തീയേറ്ററുകൾ അടച്ചിടുന്നത് ഗുണപ്രദമാകില്ലെന്ന പൊതുവികാരം കണക്കിലെടുത്തായിരുന്നു അന്ന് തീരുമാനമെടുത്തത്.
ഇനി തീയേറ്റർ തുറക്കാൻ സർക്കാർ സമ്മതിച്ചാൽ തന്നെ എന്ന് പ്രദർശനം തുടങ്ങാൻ കഴിയുമെന്ന് വ്യക്തതയില്ല. ഒരാഴ്ചയെങ്കിലും മുന്നൊരുക്കം നടത്തിയാൽ മാത്രമേ തീയേറ്ററുകൾ പ്രദർശന സജ്ജമാകൂ. കൊവിഡ് സാഹചര്യത്തിൽ കർശന സുരക്ഷാ നടപടികൾ സ്വീകരിച്ചായിരിക്കും തീയേറ്റുകൾ പ്രവർത്തിക്കാൻ ഒരുങ്ങുക.
തീയേറ്ററുകളിൽ ഒന്നിടവിട്ട സീറ്റുകളിലേ പ്രവേശനം പാടുള്ളുവെന്നതായിരുന്നു ആരോഗ്യ വകുപ്പിന്റെ നിർദേശം. രാവിലെ 9 മുതൽ രാത്രി ഒൻപതുവരെ മാത്രമായിരുന്നു പ്രവർത്തന സമയം. മൾട്ടി പ്ലക്‌സ് തീയേറ്ററുകളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളിൽ പ്രദർശനം നടത്താനും നിർദേശം നൽകിയിരുന്നു.
സീറ്റുകളുടെ 50 ശതമാനം പേരെയേ പ്രവേശിപ്പിച്ചിരുന്നുള്ളൂ. കൊവിഡ് ലക്ഷണങ്ങളുള്ളവരെ ഒരിക്കലും സിനിമ ഹാളിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. ആവശ്യമായ മുൻകരുതലുകൾ തീയേറ്റർ അധികൃതർ എടുക്കണം തുടങ്ങിയവയായിരുന്നു അന്ന് നൽകിയ നിർദേശങ്ങൾ.