ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് ‘ദ അൺനോൺ വാരിയർ’ എന്ന ഡോക്യുമെന്ററി ഒരുങ്ങി. ഇംഗ്ലീഷ് മലയാളം ഹിന്ദി തമിഴ് തെലുങ്ക് എന്നീ അഞ്ചു ഭാഷകളിലാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. ഡോക്യൂമെന്ററിയുടെ ടീസറിന്റെ ഔദ്യോഗിക റിലീസ് മമ്മൂട്ടി നിർവഹിച്ചു. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങാനിരിക്കുന്ന ഡോക്യുമെൻററിയുടെ ടീസർ സമൂഹമാധ്യമത്തിലൂടെയാണ് മമ്മൂട്ടി പുറത്തിറക്കിയത്. 13 മിനിട്ടാണ് ഡോക്യൂമെന്ററിയുടെ ദൈർഘ്യം.
2020 സെപ്റ്റംബർ 17നാണ് ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലിയുടെ ഒരു വർഷം നീണ്ട ആഘോഷത്തിനു തുടക്കം കുറിച്ചത്. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ അരങ്ങേറി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഡോക്യൂമെന്ററിയുടെ പോസ്റ്റർ പ്രകാശനം ചെയ്തത്. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതമാണ് ഡോക്യൂമെന്ററിയിൽ പ്രതിപാദിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ അറിഞ്ഞതും അറിയപ്പെടാത്തതുമായ ഒട്ടേറെ കാര്യങ്ങൾ പ്രതിപാദിക്കുന്ന ഡോക്യുമെന്ററി വൻ വിജയമാകുമെന്ന് വി.ഡി. സതീശൻ ആശംസിച്ചു. ഉമ്മൻ ചാണ്ടിയെപ്പോലൊരു ഇതിഹാസത്തിന്റെ പേരിലുള്ള ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതു ഭാഗ്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മക്ബുൽ റഹ്‌മാൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി ഹുനൈസ് മുഹമ്മദും ഫൈസൽ മുഹമ്മദും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. നിബിൻ തോമസ്, അനന്തു ബിജു എന്നിവർ ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അനീഷ് ലാൽ ആർ എസ്. സംഗീത സംവിധാനം അശ്വിൻ ജോൺസൺ. എഡിറ്റിംഗ് നസീം യൂനസ്. കലാസംവിധാനം ഏബൽ ഫിലിപ്പ് സ്‍കറിയ. എൽസ പ്രിയ ചെറിയാൻ, ഷാന ജെസ്സൻ, പ്രപഞ്ചന എസ് ബിജു എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.