വോട്ടർപ്പട്ടികയിലെ ക്രമക്കേട് തെരഞ്ഞെടുപ്പ് ആയുധമാക്കാൻ യു.ഡി.എഫ്. കേരളത്തിലുടനീളം ക്രമക്കേട് നടന്നതായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. ശക്തമായ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭാഗത്തു നിന്നുണ്ടാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 4 ലക്ഷം വ്യാജ വോട്ടര്‍മാരുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ കണ്ടെത്തല്‍. സാങ്കേതികവിദ്യാ വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്തിയ വിവരങ്ങള്‍ തെളിവായി തന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയിരുന്നു. സംഭവത്തില്‍ കഴമ്പുണ്ടെന്നായിരുന്നു ടിക്കാറാം മീണയുടെ കണ്ടെത്തല്‍. ഇടതുപക്ഷ സര്‍വീസ് സംഘടനാ ഉദ്യോഗസ്ഥരാണ് ക്രമക്കേടിന് പിന്നിലെന്നാണ് യു.ഡി.എഫ്. ആരോപണം.
തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ വ്യാജ വോട്ടര്‍മാരുടെ ലിസ്റ്റുമായി സ്ഥാനാര്‍ത്ഥികള്‍ തന്നെ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ 7600 വോട്ടുകളും വട്ടിയൂർക്കാവില്‍ 8400 ഉം നേമത്ത് 6360 ഉം വ്യാജ വോട്ടുകളുണ്ടെന്നാണ് പരാതി. തെരഞ്ഞെടുപ്പ് വേദികളില്‍ വിഷയം സജീവമായി നിലനിര്‍ത്താനാണ് യു.ഡി.എഫ്. തീരുമാനം.