ഇടതുമുന്നണിക്ക് മുമ്പ് സ്ഥാനാർഥി പ്രഖ്യാപനം നടത്താനൊരുങ്ങി യു.ഡി.എഫ്. സീറ്റ് വിഭജനത്തില്‍ പിജെ ജോസഫ് കടുംപിടിത്തം കാണിക്കുമെന്ന് കരുതുന്നില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുന്നണിയിലെ അവശേഷിക്കുന്ന സീറ്റ് തർക്കം കൂടി വേഗത്തിൽ പരിഹരിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്.
അങ്കത്തീയതി കുറിച്ചതോടെ മെല്ലെ ആയിരുന്ന ചർച്ചകൾക്ക് യു.ഡി.എഫ് വേഗം കൂട്ടുകയാണ്. മുസ്ലിം ലീഗുമായുള്ള സീറ്റ് വെച്ചുമാറ്റ ചർച്ചകൾ, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ കടും പിടുത്തത്തിൽ അയവ് വരുത്തുക, ആർഎസ്പിയുമായി അഞ്ച് സീറ്റിന്‍റെ കാര്യത്തിലെ അന്തിമ ധാരണ ഇങ്ങനെ എല്ലാം തിങ്കളാഴ്ചയോടെ പരിഹരിക്കാനാണ് യു.ഡി.എഫ് ശ്രമം.
സി.എം.പിക്ക് മൂന്ന് സീറ്റ് ആവശ്യത്തെ ഒന്നോ രണ്ടോ സീറ്റ് നൽകുക. അനൂപ് ജേക്കബിനും ഫോർവേഡ് ബ്ലോക്കിനും ഒരോ സീറ്റും നൽകി പാലക്ക് പുറമേ ഒരു സീറ്റു കൂടി നൽകി മാണി സി. കാപ്പനുമായി ധാരണയാകാനാണ് സാധ്യത. കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ച് അംഗീകാരം നേടാനായി മൂന്നാം തീയതി ഡൽഹിയിൽ ചർച്ച നടക്കും ആതിനു ശേഷം കോൺഗ്രസ് സ്ഥാനാർഥികളെ ഒന്നിച്ച് പ്രഖ്യാപിക്കാനാണ് ശ്രമം.