സർക്കാർ നിയമനം ആവശ്യപ്പെട്ട് ഉദ്യോഗാർഥികളുടെ സമരം സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്നും തുടരും. എൽ.ജി.എസ്, സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് ഇന്നും സമരം നടത്തുക. ഉദ്യോഗാർഥികൾ ആത്മഹത്യാ ഭീഷണി ഉൾപ്പടെ ഉയർത്തിയ സാഹചര്യത്തിൽ സെക്രട്ടറിയേറ്റ് പരിസരത്ത് പൊലീസ് വിന്യാസവും കൂട്ടിയിട്ടുണ്ട്. സർക്കാരിൽ നിന്ന് നീതി ലഭിച്ച ശേഷമെ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന നിലപാടിലാണ് ഉദ്യോഗാർഥികൾ.
ഈ സർക്കാരിന്റെ അവസാന കാലത്ത് തങ്ങൾക്ക് അനുകൂല തീരുമാനവും റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ പ്രതീക്ഷിക്കുന്നുണ്ട്. പല റാങ്ക് ലിസ്റ്റുകളുടെയും കാലാവധി സർക്കാർ നീട്ടിയെങ്കിലും തസ്തിക സൃഷ്ടിക്കാതെ ഇതുകൊണ്ട് കാര്യമില്ലെന്നാണ് റാങ്ക് ജേതാക്കൾ പറയുന്നത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഈ സമരങ്ങൾ രാഷ്ട്രിയ വിഷയമായും പ്രതിപക്ഷം ഉയർത്തി കാട്ടാൻ സാധ്യതയുണ്ട്. ഇന്നലെ സിപിഒ സമരത്തിന് പിന്തുണയുമായി കോൺഗ്രസും ബി.ജെ.പിയും സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ റാങ്ക് ലിസ്റ്റ് സംബന്ധിച്ച സമരങ്ങൾ ചർച്ചയായേക്കും.