Kerala

ജൂണ്‍ ഒമ്പതുമുതല്‍ സംസ്ഥാനത്തെ ജനജീവിതം സാധാരണ നിലയിലേക്ക്

ജാഗ്രതയിൽ വീഴ്ച വരുത്തിയാൽ വലിയ ദുരന്തം നേരിടേണ്ടി വരുമെന്നാണ് സർക്കാർ

ലോക്ക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാനുള്ള കേന്ദ്രനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തെ ജനജീവിതം സാധാരണ നിലയിലായിത്തുടങ്ങും. ആരാധനാലയങ്ങളും, മാളുകളും, ഹോട്ടലുകളും പ്രവർത്തനം ആരംഭിക്കുമെങ്കിലും ജാഗ്രതയിൽ വീഴ്ച വരുത്തിയാൽ വലിയ ദുരന്തം നേരിടേണ്ടി വരുമെന്നാണ് സർക്കാർ നൽകുന്ന മുന്നറിയിപ്പ്.

ജൂൺ എട്ടിന് ശേഷം നിയന്ത്രണങ്ങളോടെ കൂടുതൽ ഇളവുകൾ നൽകാനുള്ള കേന്ദ്ര തീരുമാനം അതേപടി നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. ഇതോടെ മാസങ്ങളായി പലവിധ നിയന്ത്രണങ്ങളിൽ അകപ്പെട്ടിരുന്ന ജനജീവിതം സാധാരണ നിലയിലേക്ക് എത്തും. എന്നാൽ ഓരോ ദിവസവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ ഇളവുകൾ ഉപയോഗിക്കുന്നതിൽ ജനങ്ങൾ കൂടുതൽ കരുതൽ സ്വീകരിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശം.

ആരാധനാലയങ്ങളും ഹോട്ടലുകളും, മാളുകളും തുറക്കുമ്പോൾ സർക്കാർ നൽകിയിരിക്കുന്ന സുരക്ഷ മുൻകരുതലുകൾ കൃത്യമായി പാലിക്കണം. സാമൂഹ്യ അകലവും, ശുചിത്വവും പാലിക്കാതെ മുന്നോട്ട് പോയാൽ സമൂഹവ്യാപനമെന്ന ഭീകരാവസ്ഥയിലേക്ക് സംസ്ഥാനം എത്തിച്ചേർന്നേക്കും. അതൊഴിവാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് നിശ്ചലമായ സാമ്പത്തിക മേഖലയുടെ ഉണർവും ഇളവുകൾ നൽകുന്നതിലൂടെ സർക്കാർ ലക്ഷ്യം വെയ്ക്കുന്നുണ്ട്. ഇളവുകൾ നൽകി ജാഗ്രത മുന്നറിയിപ്പുകൾ പുറത്തിറക്കുക വഴി കോവിഡിനൊപ്പം ജീവിക്കാൻ പരിശീലിക്കുക എന്ന സന്ദേശം കൂടിയാണ് സർക്കാർ നൽകുന്നത്.

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ ചൊവ്വാഴ്ച മുതല്‍ തുറക്കും. ആരാധനാലയങ്ങളിലും ആറടി അകലം പാലിക്കണം, ഒരു സമയത്ത് നൂറ് പേര്‍ മാത്രമേ പാടുള്ളു, പ്രായമായവരും കുട്ടികളും ആരാധനാലയങ്ങളില്‍ പോകരുതെന്നും വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ശബരിമല ദര്‍ശനം വെര്‍ച്വൽ ക്യൂ വഴി നിയന്ത്രിക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം.

ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് മതനേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. രോഗലക്ഷണമുള്ളവര്‍ ആരാധനലായങ്ങളില്‍ പ്രവേശിക്കരുത്. ചെരുപ്പുകള്‍ അകത്ത് കടത്തരുത്. നിശ്ചിത അകലത്തില്‍ പ്രത്യേകം സൂക്ഷിക്കണം. ക്യൂ നില്‍ക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം. പ്രായമായവര്‍ ആരാധനാലയങ്ങളില്‍ പോകരുത്, നമസ്കാരത്തിനായി പള്ളികളില്‍ എത്തുന്നവര്‍ പായയോ മുസല്ലയോ കൊണ്ടുവരണം, അമ്പലങ്ങളില്‍ പ്രസാദം നല്‍കരുത്, ഒരു സമയത്ത് 100 പേര്‍ മാത്രമേ പാടുള്ളു എന്നും നിര്‍ദേശമുണ്ട്.

ശബരിമലയിലും വെര്‍ച്ച്യല്‍ ക്യൂവിലൂടെ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്. ഒരുസമയം 50ല്‍ അധികം പേര്‍ ദര്‍ശനത്തിന് എത്താന്‍ പാടില്ല. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ തെര്‍മല്‍ സ്കാനറുകള്‍ സ്ഥാപിക്കും. നെയ് അഭിഷേകത്തിന് ഭക്തര്‍ പ്രത്യേക സ്ഥലത്ത് നെയ് കൈമാറുന്ന രീതി അവലംബിക്കും.

ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റെക്കോര്‍ഡ് കേള്‍പ്പിക്കണം. അന്നദാനം, ചോറൂണ് എന്നിവ ഒഴിവാക്കണം. വെള്ളമെടുക്കാന്‍ ടാപ്പുകൾ തന്നെ ഉപയോഗിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്‍റുകളും മാളുകളും ഒമ്പതാം തീയതി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. റസ്റ്റോറന്‍റുകളിൽ ഇരുന്നു കഴിക്കാമെങ്കിലും സീറ്റിംങ് കപ്പാസിറ്റിയുടെ അമ്പത് ശതമാനം ആള്‍ക്കാര്‍ മാത്രമേ പാടുള്ളു. മാളുകളിലെ തിയേറ്ററുകളും കുട്ടികളുടെ പാര്‍ക്കും തുറക്കരുതെന്നും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

എട്ടാം തീയതി ഷോപ്പുകള്‍ വൃത്തിയാക്കി ഒമ്പതാം തീയതി മുതല്‍ തുറക്കാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍, ചായക്കടകള്‍, ജൂസ് കടകള്‍ എന്നിവിടങ്ങളിലെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിളമ്പുന്ന പാത്രങ്ങള്‍ നല്ല ചൂട് വെള്ളത്തില്‍ കഴുകണം.

മെനു കാര്‍ഡുകള്‍ ഒരാള്‍ ഉപയോഗിച്ച ശേഷം നശിപ്പിക്കുന്ന രീതിയില്‍ ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കണം. ഫുഡ് കോര്‍ട്ടുകളിലും റസ്‌റ്റോറന്‍റുകളിലും സിറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ പാടുള്ളൂ. എല്ലാ ടേബിളുകളും ഉപഭോക്താവ് പോയ ശേഷം അണുവിമുക്തമാക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

താമസിക്കാനുള്ള ഹോട്ടലുകളില്‍ സാനിറ്റൈസര്‍, താപപരിശോധനാ സംവിധാനങ്ങള്‍ എന്നിവയുണ്ടായിരിക്കണം. ജീവനക്കാരും അതിഥികളും ഹോട്ടലിലുള്ള മുഴുവന്‍ സമയവും മാസ്ക് ധരിക്കണം, ലിഫ്റ്റില്‍ കയറുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. പേയ്‌മെന്‍റുകള്‍ ഓണ്‍ലൈന്‍ മാര്‍ഗത്തിലാക്കണം, റൂമിന്‍റെ വാതില്‍ക്കല്‍ ആഹാരസാധനങ്ങള്‍ വെക്കണം, അതിഥികളുടെ കൈയ്യില്‍ നേരിട്ട് നല്‍കരുത്. എയര്‍കണ്ടീഷണറുകള്‍ 24-30 ഡിഗ്രിയില്‍ പ്രവര്‍ത്തിപ്പിക്കണം. മാളുകള്‍ക്കുള്ളിലെ സിനിമാ ഹാളുകള്‍ അടച്ചിടണമെന്നും കുട്ടികളുടെ കളിസ്ഥലങ്ങള്‍, ഗെയിം ആര്‍ക്കേഡുകള്‍ എന്നിവ തുറക്കരുതെന്നും സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.