പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. വിദേശ ടൂറിസ്റ്റുകളോട് മോശമായി പെരുമാറിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കുന്നതിനോട് ബാങ്കേഴ്സ് സമിതി അനുകൂലമായി പ്രതികരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 18,011 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 268 പേർ ആശുപത്രിയിലും 17,743 പേർ വീട്ടിലുമാണ് ഉള്ളത്. 660 സാമ്പിളുകളുടെ റിസൾട്ട് ലഭിക്കാനുണ്ട്. ഇന്ന് കേരളത്തിൽ പുതിയ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തില്ലെങ്കിലും ഗൌരവ സ്ഥിതിയില്‍ മാറ്റമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശികളോട് വളരമെ മോശമായി പ്രതികരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. വിവിധ മേഖലകളിൽ സാമ്പത്തിക തകർച്ച നേരിടുന്നതിനാൽ വായ്പ തിരിച്ചടവിന് ഒരു വർഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ബാങ്കേഴ്സ് സമിതിയോട് സർക്കാർ ആവശ്യപ്പെട്ടു.
നിരീക്ഷണത്തിനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും, മെഡിക്കൽ വിദ്യാർത്ഥികളുടെയും സഹകരണം ഉപയോഗിക്കും. ഈ ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ വിദേശയാത്രയ്ക്ക് പോകേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട്ടിലിരുന്ന ജോലി ചെയ്യുന്നവർക്ക് തടസമുണ്ടാകാതിരിക്കാൻ വൈദ്യുതി തടസപ്പെടാതിരിക്കാൻ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.