Kerala

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സംഘം സ്വര്‍ണം കടത്തിയത് കോവിഡ് കാലത്തെ ഇളവുകള്‍ മറയാക്കിയെന്ന് അന്വേഷണ സംഘം

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സംഘം കോവിഡ് കാലത്തെ ഇളവുകള്‍ മറയാക്കി സ്വര്‍ണം കടത്തിയെന്ന് അന്വേഷണ സംഘം. താല്‍ക്കാലിക ജീവനക്കാര്‍ക്ക് ദേഹ പരിശോധനയില്ലാത്തത് കൊണ്ടാണ് ഒരു പ്രശ്നവുമില്ലാതെ സ്വര്‍ണം പുറത്തെത്തിക്കാന്‍ കഴിഞ്ഞതെന്നാണ് നിഗമനം. പ്രത്യേകം സജ്ജമാക്കിയ കോവിഡ് ഹാളിലെ മാലിന്യം വഴിയാണ് സ്വര്‍ണം പുറത്തെത്തിച്ചതെന്നാണ് പ്രതികളുടെ മൊഴി.

കോവിഡ് പശ്ചാത്തലത്തില്‍ മുമ്പുള്ളതില്‍ നിന്ന് വ്യത്യസ്തമായാണ് വിമാനത്താവളങ്ങളിലെ സുരക്ഷാ നടപടികള്‍. പ്രത്യേകം സജ്ജമാക്കിയ കോവിഡ് ഹാളിലാണ് യാത്രക്കാരെ ആദ്യം എത്തിക്കുക. ഡാറ്റാ എന്‍ട്രിയും ബോധവത്കരണ ക്ലാസും നല്‍കി കഴിഞ്ഞാണ് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ ഉണ്ടാവാറുള്ളൂ. ഇത് മറയാക്കി കോവിഡ് ഹാളിലെ മാലിന്യത്തില്‍ സ്വര്‍ണക്കടത്ത് സംഘം സ്വര്‍ണം ഇട്ടുവെന്നാണ് കരുതുന്നത്. ശുചീകരണ തൊഴിലാളികള്‍ പുറത്തെത്തിച്ചു.

താൽക്കാലിക ജീവനക്കാർക്ക് അടക്കം നേരത്തെ ദേഹപരിശോധനയുണ്ടായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഇത് താൽക്കാലികമായി നിർത്തിയത് സ്വര്‍ണകടത്തുകാര്‍ മുതലെടുത്തുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ദേഹപരിശോധനക്ക് പകരം ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുളള പരിശോധനയുണ്ടന്നാണ് കസ്റ്റംസ് പറയുന്നത്.

മിശ്രിത രൂപത്തിലാക്കി സ്വർണം കടത്തിയാൽ മെറ്റൽ ഡിറ്റക്ടറിൽ പൂര്‍ണമായും കണ്ടെത്താൻ കഴിയില്ലെന്ന നിലപാടിലാണ് ഡിആര്‍ഐ. പുതിയ സാഹചര്യത്തിൽ അടുത്ത ദിവസം മുതൽ എല്ലാവർക്കും ദേഹപരിശോധന നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചിട്ടുണ്ട്.