Kerala

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍, 42ലക്ഷം കുടുംബങ്ങള്‍ക്ക് ചികിത്സ; രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ നയപ്രഖ്യാപനം ആരംഭിച്ചു

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യനയപ്രഖ്യാപനം ആരംഭിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ നയപ്രഖ്യാപന പ്രസംഗം നടത്തുകയാണ്. പ്രകടന പത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ”കഴിഞ്ഞ സര്‍ക്കാറിന്‍റെ ജനക്ഷേമ, വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നതായിരിക്കും പുതിയ സര്‍ക്കാര്‍. അതിനുള്ള ജനവിധി നേടിയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. കോവിഡ് ഒന്നാം ഘട്ടത്തില്‍ 200 കോടിയുടെ പാക്കേജ് നടപ്പിലാക്കി. എല്ലാവർക്കും വാക്സിൻ നൽകണമെന്നാണ് സർക്കാർ നയം. അതുകൊണ്ട് തന്നെ കോവിഡ് വാക്സിന്‍ സൌജന്യമായി തുടരും. വാക്സിന് ആഗോള ടെന്‍റര്‍ വിളിച്ചത് ഇതിന്‍റെ ഭാഗമാണ്.

സ്ത്രീസമത്വം, മതനിരപേക്ഷത എന്നിവയിൽ അധിഷ്ഠിതമായ പ്രവർത്തനമായിരിക്കും സര്‍ക്കാര്‍ കാഴ്ച്ച വെക്കുക. പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാമ്പത്തിക പ്രതിസന്ധിയിലും സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തു. കോവിഡ് മരണ നിരക്ക് കുറച്ചുനിർത്താൻ സര്‍ക്കാറിന് കഴിഞ്ഞു. മികച്ച പ്രതിരോധ പ്രവർത്തനത്തിലൂടെയാണ് ഇത് സാധ്യമാക്കിയത്. വിവിധ വകുപ്പുകളുടെ ഏകോപനം ഇതിന് സഹായകമായി. കോവിഡ് ഒന്നാം ഘട്ടത്തിൽ 200 കോടി യുടെ പാക്കേജ് നടപ്പാക്കി. ആദ്യഘട്ടത്തിൽ സമഗ്ര ആശ്വാസ പാക്കേജ് ജനങ്ങൾക്ക് ലഭ്യമാക്കി. ജനങ്ങൾക്ക് സൗജന്യ കോവിഡ് ചികിത്സക്കായി കൊറോണ ആരോഗ്യ സുരക്ഷ പദ്ധതി നടപ്പിലാക്കും”. 42 ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ സൗകര്യമൊരുക്കാനും നടപടിയുണ്ടാകുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.