100 ദിന കര്‍മപരിപാടി സംസ്ഥാനത്ത് അനന്യമായ ക്ഷേമ വികസന മുന്നേറ്റങ്ങളാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ വിഭാഗം ജനങ്ങള്‍ക്ക് സമാശ്വാസം നല്‍കുന്നതിനും തൊഴിലും വരുമാനവും വര്‍ധിപ്പിക്കുന്നതിനും പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനും വലിയ അളവില്‍ കഴിഞ്ഞു. അതില്‍ ഉണ്ടായ നേട്ടം സംസ്ഥാന സമ്പദ്ഘടനയുടെ വീണ്ടെടുപ്പില്‍ പ്രതിഫലിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വരുമാന വളര്‍ച്ചയിലുണ്ടാകുന്ന ഇടിവ് ദേശീയ ശരാശരിയേക്കാള്‍ താഴ്ന്നതായിരിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇത് സര്‍ക്കാരിന്റെ ക്രിയാത്മക ഇടപെടലിലൂടെയാണ് സാധിക്കുന്നത്. ഈ പ്രവണതയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഒരു കുതിച്ചുകയറ്റം കൂടി ലക്ഷ്യമിട്ട് രണ്ടാം 100 ദിന പരിപാടിയിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ഡിസംബര്‍ ഒന്‍പതിനാണ് ഒന്നാം 100 ദിന പരിപാടി അവസാനിച്ചത്. രണ്ടാംഘട്ട 100 ദിനപരിപാടി ഡിസംബര്‍ ഒന്‍പതിന് തന്നെ ആരംഭിക്കുകയാണ്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന സമയമായിരുന്നു അത്. അതുകൊണ്ടാണ് ആ പെരുമാറ്റ ചട്ടം കഴിഞ്ഞശേഷം ഇത് പ്രഖ്യാപിക്കുന്നത്. ഇതിന്റെ ഭാഗമായി 10,000 കോടി രൂപയുടെ വികസന പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും. അതോടൊപ്പം 5,700 കോടി രൂപയുടെ 5526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടി രൂപയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.