Kerala

ശമ്പള വിതരണത്തിന്‍റെ രീതി മാറ്റി; എയിഡഡ് ഹയർ സെക്കണ്ടറി അധ്യാപകരുടെ ശമ്പളം മുടങ്ങി

റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ മേലൊപ്പില്ലാതെ ഓൺലൈനായി സമർപ്പിക്കുന്ന ശമ്പള ബില്ലുകൾ മാറിക്കൊടുക്കണ്ട എന്ന് ട്രഷറികൾ തീരുമാനിച്ചതോടെയാാണ് ശമ്പളം മുടങ്ങിയത്.

ശമ്പള വിതരണത്തിന്‍റെ രീതി മാറ്റിയതോടെ സംസ്ഥാനത്തെ എയ്‍ഡഡ് ഹയർ സെക്കണ്ടറി അധ്യാപകരുടെയും ജീവനക്കാരുടെയും ഈ മാസത്തെ ശമ്പളം മുടങ്ങി. റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ മേലൊപ്പില്ലാതെ ഓൺലൈനായി സമർപ്പിക്കുന്ന ശമ്പള ബില്ലുകൾ മാറിക്കൊടുക്കണ്ട എന്ന് ട്രഷറികൾ തീരുമാനിച്ചതോടെയാാണ് ശമ്പളം മുടങ്ങിയത്. ഹയർ സെക്കണ്ടറി വകുപ്പിന്‍റെ ഭാഗത്തു നിന്നുള്ള നിഷേധാത്മക നിലപാട് ഇരട്ടത്താപ്പാണെന്ന് അധ്യാപകർ ആരോപിച്ചു.

കോവിഡ് കാലമായതോടെ ഏതാണ്ടെല്ലാ സർക്കാർ വിഭാഗങ്ങളുടെയും ശമ്പളം ഓൺലൈനായാണ് നൽകി വന്നത്. എന്നാൽ എയ്‍ഡഡ് ഹയർസെക്കണ്ടറി അധ്യാപകരുടെ ശമ്പള വിതരണരീതി മാറ്റുകയായിരുന്നു. ഈ മാസം മുതൽ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ മേലൊപ്പില്ലാതെ ഓൺലൈനായി സമർപ്പിക്കുന്ന ശമ്പള ബില്ലുകൾ മാറിക്കൊടുക്കണ്ട എന്ന് ട്രഷറികൾ തീരുമാനിച്ചു. ഇതോ‍ടെ എയ്‍ഡഡ് ഹയർ സെക്കണ്ടറി അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള വിതരണം വൈകുമെന്നുറപ്പായി. സർക്കാരിന്‍റെ പുതിയ ഉത്തരവ് പ്രകാരം ആര്‍ഡിഡി ഓഫീസിൽ നിന്ന് മേലൊപ്പ് വാങ്ങാമെന്നു വച്ചാൽ പല ഓഫീസും ഒപ്പ് നൽകാൻ തയ്യാറായിട്ടില്ലെന്ന് അധ്യാപകർ പറയുന്നു. കോവിഡിന്‍റെ കാരണം പറഞ്ഞ് രണ്ട് ജില്ലകളുടെ വീതം ചുമതലയുള്ള റീജിയണൽ ഓഫീസുകളിലേക്ക് ബില്ലുമായി സ്കൂളുകളിൽ നിന്ന് ആരും വരണ്ട എന്ന നിലപാടാണ് മിക്കയിടത്തുനിന്നും സ്വീകരിക്കുന്നത്.

വിവിധ തരത്തിലെ ലോണുകളും മറ്റും എടുത്തിരിക്കുന്ന ജീവനക്കാർക്ക് ശമ്പളദിനമനുസരിച്ച് നൽകിയിരിക്കുന്ന ചെക്കുകൾ മടങ്ങിയാൽ പിഴ അടയ്ക്കേണ്ടി വരും. ജില്ലകൾ താണ്ടി പോയി ശമ്പളം മാറിയെടുക്കേണ്ട അവസ്ഥ ഹയർ സെക്കണ്ടറി വകുപ്പിലല്ലാതെ മറ്റെങ്ങുമില്ലെന്ന് അധ്യാപകർ പറയുന്നു. എല്ലാ ഓഫീസുകളിലും ശമ്പളം ട്രഷറികളിലേക്ക് ഇ- സബ്മിഷൻ വഴിയാണ് മാറുന്നത്. എന്നാൽ എയ്‍ഡഡ് ഹയർ സെക്കണ്ടറികളിലെ ശമ്പള ബിൽ മേഖലാ ഓഫീസറുടെ മേലൊപ്പോടെ മാത്രമേ നല്‍കാവൂ എന്നത് അടിയന്തിരമായി പുനഃപരിശോധിക്കണമെന്നതാണ് അധ്യാപക സംഘടനകളുടെ ആവശ്യം.