Kerala

നഗരസഭകളിലും നാല് പഞ്ചായത്തുകളിലും കർശന നിയന്ത്രണം

ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച് കൊവിഡ് പരിശോധന വ്യാപകമാക്കാനും തീരുമാനം

കണ്ണൂർ ജില്ലയുടെ ഗ്രാമീണ മേഖലകളടക്കം കോവിഡ് ഭീതിയിൽ. അഞ്ച് നഗരസഭകളിലും നാല് പഞ്ചായത്തുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തി. ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച് കൊവിഡ് പരിശോധന വ്യാപകമാക്കാനും തീരുമാനം.

പാനൂർ, ഇരിട്ടി, മട്ടന്നൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് നഗരസഭകളിലും ഇരിക്കൂർ, ഏഴോം, രാമന്തളി, മാട്ടൂൽ പഞ്ചായത്തുകളിലും ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലുമാണ് പോലീസ് നിയന്ത്രണം കടുപ്പിച്ചത്. ആന്‍റിജന്‍ പരിശോധനയിൽ ഏഴോം പഞ്ചായത്തിൽ മാത്രം 30 പേർക്കാണ് കൊവിഡ് രോഗബാധ കണ്ടെത്തിയത്. പൂർണ്ണമായും അടച്ചിട്ട തളിപ്പറമ്പ് നഗരസഭയിൽ കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതോടെ നിയന്ത്രണം കടുപ്പിച്ചു. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള മുഴുവൻ പേരുടേയും പരിശോധനാ ഫലം നെഗറ്റീവായാൽ മാത്രമേ അടച്ചിട്ട പ്രദേശങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിക്കുകയുള്ളൂവെന്ന് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര അറിയിച്ചു.

ഇരിട്ടി താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ടവരും അവരുടെ ബന്ധുക്കളുമടക്കം പതിനഞ്ച് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പാപ്പിനിശ്ശേരി, കല്യാശേരി മേഖലകളും കൊവിഡ് വ്യാപന ഭീഷണിയിലാണ്. ഗ്രാമീണ മേഖലകളിൽ ആന്‍റിജന്‍ പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം.