Kerala National

പ്രവാസികളുടെ മടങ്ങിവരവ്; എണ്ണത്തിലും പരിശോധനയിലും അവ്യക്തത

വരുന്നവരുടെ എണ്ണം, പുറപ്പെടും മുമ്പുള്ള മെഡിക്കല്‍ പരിശോധന എന്നിവയുടെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ ആദ്യസംഘം നാളെയെത്തുമെന്നാണ് പ്രതീക്ഷ. പരിശോധനക്കും ക്വാറന്റീനും വിപുലമായ സൗകര്യങ്ങളാണ്‌ സംസ്ഥാനം ഒരുക്കിയിരിക്കുന്നത്. അതേസമയം, വരുന്നവരുടെ എണ്ണം, പുറപ്പെടും മുമ്പുള്ള മെഡിക്കല്‍ പരിശോധന എന്നിവയുടെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്.

മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസി മലയാളികള്‍ 4.42 ലക്ഷം. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയിലുള്ളത് 1.69 ലക്ഷം പേര്‍. കേന്ദ്രം ഇതുവരെ തിരിച്ചുകൊണ്ടുവരുന്നവരുടെ കൃത്യമായ കണക്ക് വ്യക്തമാക്കിയിട്ടില്ല. ക്വാറന്റീന്‍ സൗകര്യങ്ങള്‍ സംബന്ധിച്ച് അന്വേഷിച്ചതൊഴിച്ചാല്‍ ഔപചാരികമായ ഒരു ആശയവിനിമയവും കേന്ദ്രം സംസ്ഥാനങ്ങളുമായി നടത്തിയിട്ടുമില്ല. അതുകൊണ്ടു തന്നെ സ്വീകരിക്കേണ്ടവരുടെ എണ്ണം സംബന്ധിച്ച് സംസ്ഥാനം ഇരുട്ടിലാണ്. അതുപോലെ തന്നെയാണ് പരിശോധനയുടെ കാര്യവും.

തിരിച്ചുവരുന്നവര്‍ കോവിഡ് രോഗികളല്ലെന്ന് ഉറപ്പുവരുത്താന്‍ എന്ത് നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന കാര്യവും അവ്യക്തം. ഇതോടെയാണ് വരുന്ന എല്ലാവരെയും സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ ഏഴ് ദിവസത്തെ ക്വാറന്റീന്‍ ഏര്‍പ്പെടുത്താന്‍ കേരളം ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ വരുന്നവരെ താമസിപ്പിക്കാന്‍ കൂടുതല്‍ ബൃഹത്തായ സംവിധാനം കാണേണ്ടിവരും. ഇനി മടങ്ങിയെത്തുന്നവരുടെ എണ്ണം കുറവാണെങ്കില്‍ ഇപ്പോള്‍ ഒരുക്കിയിട്ടുള്ള സൗകര്യം മതിയാവുകയും ചെയ്യും.

എല്ലാ ജില്ലകളിലുമായി രണ്ടര ലക്ഷം കിടക്കകള്‍ കണ്ടെത്തിയിട്ടുണ്ട്. 1.63 ലക്ഷം ഇപ്പോള്‍ തന്നെ ഉപയോഗയോഗ്യവും. ബാക്കിയുള്ളവയും ഉടന്‍ സജ്ജമാവും. നാല് വിമാനത്താവളങ്ങളിലും കൊച്ചി തുറമുഖത്തും സ്ക്രീനിങ്ങിന് സൗകര്യംമുണ്ട്. ഏഴ് ദിവസത്തെ ക്വാറന്റീന്‍ കഴിയും മുന്പ് പി.സി.ആര്‍ ടെസ്റ്റ് നടത്തും. 45000 പി.സി.ആര്‍ കിറ്റുകള്‍ നിലവില്‍ ലഭ്യമാണ്.