വാഗമണില്‍ നിശാപാര്‍ട്ടി നടത്തിയ റിസോര്‍ട്ട് അടച്ചുപൂട്ടുമെന്ന് ജില്ലാഭരണകൂടം. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണത്തിന്‍റെ ഭാഗമായി റിസോര്‍ട്ട് പൊലീസ് സീല്‍ വെച്ചു. എസ്.പിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് ജില്ലാകലക്ടര്‍ പറഞ്ഞു.
ഞായറാഴ്ച വട്ടത്താലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ ലഹരിമരുന്നു നിശാപാര്‍ട്ടി നടക്കുമെന്ന് രണ്ടുദിവസം മുന്‍പ് ഇടുക്കി എസ്.പി. അടക്കമുള്ളവര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഈ റിസോര്‍ട്ട് കഴിഞ്ഞ രണ്ടുദിവസമായി പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു.
തുടര്‍ന്ന് പോലീസും നര്‍ക്കോട്ടിക് സംഘവും സ്ഥലത്തെത്തി റെയ്ഡ് നടത്തുകയായിരുന്നു. ഇവരിൽ നിന്ന് എൽഎസ്ഡി സ്റ്റാമ്പ് അടക്കം നിരവധി ലഹരി വസ്തുക്കൾ പോലീസ് പിടിച്ചെടുത്തിരുന്നു.
ഇരുപത്തിയഞ്ചോളം സ്ത്രീകൾ ഉൾപ്പടെ അറുപത് പേരടങ്ങുന്ന സംഘമാണ് നിശാപാർട്ടിക്ക് എത്തിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് ആറ് മണിക്ക് തുടങ്ങിയ റെയ്ഡ് രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. പിടിയിലായവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.