Kerala

ബിനീഷ് കോടിയേരിക്കെതിരായ ആസ്തി വിവരങ്ങള്‍ റജിസ്ട്രേഷന്‍ വകുപ്പ് കൈമാറിയില്ല

ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്സ്മെന്‍റ് കേസില്‍ അന്വേഷണസംഘം ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറാതെ രജിസ്ട്രേഷന്‍ വകുപ്പ്.

ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്സ്മെന്‍റ് കേസില്‍ അന്വേഷണസംഘം ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറാതെ രജിസ്ട്രേഷന്‍ വകുപ്പ്. ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങള്‍ ഇ.ഡി ആവശ്യപ്പെട്ടിട്ട് മൂന്നാഴ്ച പിന്നിട്ടു. വിവരങ്ങള്‍ കൈമാറുന്നത് വൈകിക്കുന്നതില്‍ രജിസ്ട്രേഷന്‍ വകുപ്പിന് മേല്‍ ഉന്നതതല സമ്മര്‍ദ്ദമെന്ന് ആക്ഷേപം ശക്തമാണ്.

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കൊച്ചി സോണല്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണത്തിന്‍റെ ഭാഗമായാണ് ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങള്‍ ശേഖരിക്കാന്‍ ഇ.ഡി കഴിഞ്ഞ മാസം നടപടികള്‍ തുടങ്ങിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ 54ാം വകുപ്പ് പ്രകാരം ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങള്‍ കൈമാറാന്‍ സെപ്റ്റംബര്‍ 11ന് ഇ‍.ഡി രജിസ്ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ 21 ദിവസം പിന്നിടുമ്പോഴും ഇ.ഡിക്ക് രജിസ്ട്രേഷന്‍ വകുപ്പ് വിവരങ്ങള്‍ കൈമാറിയിട്ടില്ല.

ശേഖരിച്ച് വരുന്നു എന്ന മറുപടിയാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇ.ഡിയെ അറിയിക്കുന്നത്. രജിസ്ട്രേഷന്‍ വകുപ്പിന് കീഴിലുള്ള 315 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നാണ് ഇ.ഡിക്ക് വിവരങ്ങള്‍ നല്‍കേണ്ടത്. എല്ലായിടത്തും വിവരശേഖരണത്തിന് ഓണ്‍ലൈന്‍ സൌകര്യമുണ്ടെന്നിരിക്കെ മൂന്നാഴ്ചയായിട്ടും കൈമാറാത്തത് ഇ.ഡിയുടെ അന്വേഷണ നടപടികള്‍ക്കും തടസ്സമായി. വിവരശേഖരണം വൈകിക്കുന്നതിന് പിന്നില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മേലുള്ള ഉന്നതതല സമ്മര്‍ദ്ദമാണെന്ന ആക്ഷേപം ശക്തമാണ്. നടപടികള്‍ വേഗത്തിലാക്കാന്‍ രജിസ്ട്രേഷന്‍ വകുപ്പിനോട് ഇ.ഡി വീണ്ടും ആവശ്യപ്പെടും. യു.എ.പി.എ വകുപ്പുകള്‍ പ്രകാരം ബിനീഷ് കുറ്റം ചെയ്തെന്ന് സംശയിക്കുന്നതിന്‍റെ ഭാഗമായി കൂടിയാണ് ആസ്തിവിവരങ്ങള്‍ ശേഖരിക്കുന്നതിന് ഇ. ഡി നടപടികള്‍ തുടങ്ങിയിരുന്നത്.

എന്നാല്‍ ബിനീഷിന്‍റെ ആസ്തികളിന്മേല്‍ ക്രയവിക്രയം നടത്തരുതെന്ന ഇ.ഡി നിര്‍ദ്ദേശത്തിന് നിയമസാധുതയില്ല എന്ന് വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തില്‍ ഈ ആവശ്യം ഉന്നയിച്ച് എന്‍ഫോഴ്സ്മെന്‍റ് കോടതിയെ സമീപിച്ചേക്കും.