Kerala

കേന്ദ്രഗ്രിഡിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള നിരക്ക് കൂട്ടി

കേന്ദ്രഗ്രിഡിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള നിരക്ക് കൂട്ടി. പ്രസരണ നിരക്ക് കൂട്ടിയതോടെ സംസ്ഥാനത്ത് വൈദ്യുത ചാർജ് വർധിപ്പിക്കാൻ കെ.എസ്.ഇ.ബി നിർബന്ധിതരാകും. എന്നാൽ ഇതിനെതിരെ അപ്പല്ലേറ്റ് അതോറിറ്റിയെ സമീപിക്കാതെ കെ.എസ്.ഇ.ബി പകരം സമീപിച്ചത് ഹൈക്കോടതിയെ. ഇതുകൊണ്ട് ഗുണമുണ്ടാകില്ലെന്നാണ് സംഘടനകൾ പറയുന്നത്. നവംബർ ഒന്നുമുതലാണ് സംസ്ഥാനങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്ന നിരക്ക് പവർഗ്രിഡ് കൂട്ടിയത്. കേരളത്തിൽ വൈദ്യുതി ഉപഭോഗത്തിന്‍റെ 80 ശതമാനവും അന്തർസംസ്ഥാന വൈദ്യുതിയിലാണ്.

പ്രസരണ നിരക്ക് കൂടിയതോടെ സംസ്ഥാനത്തിന് ഇത് വലിയ ബാധ്യതയാകും. ജനുവരിയിൽ കേന്ദ്ര റഗുലേറ്ററി കമ്മീഷന്‍റെ വെബ്സൈറ്റിൽ ഇക്കാര്യങ്ങൾ പ്രസിദ്ധീകരിച്ചതാണ്. അന്നും ഇന്നും ഇതിനെതിരെ അപ്റ്റെലിനെ സമീപിക്കാൻ കെ.എസ്.ഇ.ബി തയ്യാറായില്ല. പ്രതിവർഷം 1000 കോടിയുടെ അധിക ബാധ്യതയാണ് കെ.എസ്.ഇ.ബി കണക്കാക്കുന്നത്. സ്വാഭാവികമായും ഇത് ഉപഭോക്താവിന് മേൽ പതിക്കും. അങ്ങനെയെങ്കിൽ അടുത്ത മാസം മുതൽ യൂണിറ്റിന് 50 പൈസ കൂട്ടേണ്ടി വരും.