Kerala

എം.ശിവശങ്കറിന്റെ അറസ്റ്റ് തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം: മുഖ്യമന്ത്രി

എം.ശിവശങ്കറിന്റെ അറസ്റ്റ് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഏതു പ്രധാനിയാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നാണു സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണത്തിന് തുടക്കം മുതല്‍ എല്ലാ സഹകരണവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ ഒരു പരാതിയും പറഞ്ഞിട്ടില്ല. സ്വതന്ത്രവും നീതിപൂര്‍ണവുമായ അന്വേഷണം നടത്തി കുറ്റവാളികളെ മുഴുവന്‍ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നതാണ് സര്‍ക്കാരിന്റെ താല്‍പര്യം. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആരെയും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമുണ്ട്.

ഏതു പ്രധാനിയാണെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം നിലപാടാണ് സര്‍ക്കാരിനുള്ളത്. പദവിക്ക് ചേരാത്ത ബന്ധം ശിവശങ്കറിന് ഉണ്ടെന്ന് കണ്ടപ്പോഴാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. ചീഫ് സെക്രട്ടറിതലത്തില്‍ അന്വേഷണം നടത്തി സസ്പെന്‍ഡ് ചെയ്തു. ശിവശങ്കറിനു മുഖ്യമന്ത്രിയുടെ ഓഫീസുമായോ സര്‍ക്കാരുമായോ ഇപ്പോള്‍ ഒരു ബന്ധവുമില്ല. അതുകൊണ്ട് അന്വേഷണ ഏജന്‍സികള്‍ക്ക് അവരുടെ വഴിക്ക് നീങ്ങാന്‍ ഒരു തടസവുമില്ല. ലൈഫും സ്വര്‍ണക്കടത്തു കേസും കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നതിന്റെ ദുരുദ്ദേശ്യമെന്തെന്നു ജനങ്ങള്‍ക്ക് കൃത്യമായി മനസിലാകുന്നുണ്ട്. കേന്ദ്രമന്ത്രി സ്ഥാനത്തിനു നിരക്കാത്ത പ്രവര്‍ത്തികളാണ് വി.മുരീധരന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.