Kerala

ദേശീയ ഗെയിംസ് ജേതാക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാലിച്ചില്ല; 13 ദിവസം പിന്നിട്ട് കായിക താരങ്ങളുടെ സമരം

ദേശീയ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ജോലി നൽകുമെന്ന സർക്കാർ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ കായിക താരങ്ങൾ നടത്തുന്ന സമരം പതിമൂന്ന് ദിവസം പിന്നിട്ടു. ജോലി ലഭിക്കുവരെ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് കായികതാരങ്ങൾ അറിയിച്ചു.

മുപ്പത്തി അഞ്ചാമത് ദേശിയ ഗെയിംസ് ജേതാക്കളോടാണ് 15 മാസമായി സർക്കാർ അവഗണന. 2019 ആഗസ്റ്റിലാണ് മെഡൽ ജേതാക്കളായ 83 കായിക താരങ്ങൾക്ക് സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് ജോലി നൽകുമെന്ന് സർക്കാർ ഉത്തരവിറക്കിയത്. ഉത്തരവ് വിശ്വസിച്ച് ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെയും കായിക മന്ത്രിയെയും നേരിൽ കണ്ട് സന്തോഷവും അറിയിച്ചു. എന്നാൽ നാളിതുവരെയായി ആർക്കും നിയമനം ലഭിച്ചിട്ടില്ല.

ജോലി ലഭിക്കുമെന്ന വിശ്വാസത്തിൽ പലരും പഠനവും ഉപേക്ഷിച്ചിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ടിടപ്പെടുന്നവരെ സമരവുമായി മുന്നോട്ട് പോകുമെന്നും കായികതാരങ്ങൾ വ്യക്തമാക്കി.