ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പ്രിന്‍സിപ്പലിനും ജില്ലാ കലക്ടറുടെ കാരണം കാണിക്കല്‍ നോട്ടീസ്.
24 മണിക്കൂറിനകം രേഖാമൂലം മറുപടി ലഭിക്കണമെന്ന് നോട്ടീസില്‍ നിര്‍ദേശം. വിഷയത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായി വിലയിരുത്തിയാണ് നോട്ടീസ്.
ചികിത്സ വൈകിയതിനെ തുടർന്ന് ഇരട്ടകുട്ടികള്‍ മരിച്ച സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിന്‍റെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപമുണ്ടായെന്ന് കണ്ടെത്തിയതോടെയാണ് ജില്ലാ കലക്ടര്‍ ആശുപത്രി സൂപ്രണ്ടിനും, പ്രിന്‍സിപ്പലിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
പൂര്‍ണ ഗര്‍ഭിണിയായ യുവതി ആദ്യം ചികിത്സ തേടിയ മഞ്ചേരിയിൽ നിന്നും ചികിത്സ നിഷേധിച്ചതോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലുള്‍പ്പെടെ ചികിത്സ തേടേണ്ടി വന്നത്.
14 മണിക്കൂറിനൊടുവിലാണ് അതീവഗുരുതരാവസ്ഥയിലായ യുവതിക്ക് ചികിത്സ ലഭ്യമായതും. ചികിത്സ നിഷേധിച്ചതോടൊപ്പം മറ്റു ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുമ്പോഴുള്ള നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും കണ്ടെത്തിയെന്നും കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു.
24 മണിക്കൂറിനകം മറുപടി ലഭിക്കണമെന്നും, രേഖാമൂലമുള്ള മറുപടിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ മഞ്ചേരി മെഡിക്കൽ കോളജിലെ വകുപ്പ് മേധാവികളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ജില്ലാ കലക്ടർ കാരണം ബോധിപ്പിക്കാൻ നോട്ടീസ് നൽകിയത്.
വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവത്തോടെ മരിച്ച ഇരക്കുട്ടികളുടെ മൃതദേഹം ഇന്നുച്ചയ്ക്ക് തന്നെ സംസ്കരിച്ചു. അമിത രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്.