Kerala Latest news

മാർപാപ്പയുടെ പ്രത്യേക പ്രതിനിധി ഇന്ന് കൊച്ചിയിലെത്തും

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന തർക്കം പരിഹരിക്കാൻ നിയോഗിക്കപ്പെട്ട മാർപാപ്പയുടെ പ്രത്യേക പ്രതിനിധി ഇന്ന് കൊച്ചിയിലെത്തും. ഗ്രീക്ക് കത്തോലിക്കാ സഭ ആർച്ച് ബിഷപ്പ് സിറിൽ വാസിൽ കൊച്ചിയിലെത്തി പൊന്തിഫിക്കൽ ഡെലിഗേറ്റായി ചുമതലയേൽക്കും. പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ മുൻ സെക്രട്ടറിയും സ്ലൊവാക്യയിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായിരുന്നു അദ്ദേഹം.

ഏകീകൃത കുർബാനയർപ്പണ രീതി അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി പഠിക്കുന്നതിനും പരിഹാര മാർഗം നിർദേശിക്കുന്നതിനുമാണ് മാർപാപ്പ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചിരിക്കുന്നത്. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കാനൻനിയമ പ്രൊഫസറും ഈശോസഭാംഗവുമായ ഫാ. സണ്ണി കൊക്കരവാലയിൽ അദ്ദേഹത്തെ അനുഗമിക്കും. മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി സിറിൽ വാസിൽ പ്രവർത്തിക്കുമ്പോഴും അതിരൂപതയുടെ ഭരണനിർവഹണചുമതല അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് വഹിക്കും.

2023 മെയ്‌ 4-ന് സിറോ മലബാർ സഭയുടെ പെർമനന്റ് സിനഡ് അംഗങ്ങൾ വത്തിക്കാനിലെത്തി സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർദിനാൾ പിയെത്രോ പരോളിനുമായും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ തലവൻ നിയുക്ത കർദിനാൾ ക്ലൗദിയോ ഗുജറോത്തിയുമായും നടത്തിയ ചർച്ചയിൽ രൂപപ്പെട്ട നിർദേശമാണ് ഒരു പൊന്തിഫിക്കൽ ഡെലിഗേറ്റിനെ അയയ്ക്കുക എന്നത്.