Kerala

ദുരുപയോഗം ചെയ്തപ്പോള്‍ ഉത്തരവ് പിന്‍വലിച്ചു; മരംകൊള്ളക്ക് ഉപയോഗിച്ച ഉത്തരവിനെ ന്യായീകരിച്ച് മുൻ റവന്യു മന്ത്രി

മരംകൊള്ള വിവാദത്തിൽ വിശദീകരണവുമായി മുൻ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ. 1964ലെ ഭൂപതിവ് ചട്ടം അനുസരിച്ച് ഭൂമി പതിച്ചു നൽകിയയിടത്ത്‌ കർഷകൻ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാൻ മാത്രമാണ് അനുമതി നൽകിയത്. ഉത്തരവിന് വിരുദ്ധമായി മരംമുറി നടന്നതോടെ ഉത്തരവ് പിൻവലിച്ചു. ഫെബ്രുവരി മാസം രണ്ടാംതീയതിയോടെയാണ് ഈ ഉത്തരവ് റദ്ദ് ചെയ്തത്. ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്തും ദുരുപയോഗം ചെയ്തും മരം മുറിച്ചെങ്കിൽ നടപടിയുണ്ടാവുമെന്നും ഇ. ചന്ദ്രശേഖരൻ മീഡിയവണിനോട് പറഞ്ഞു. ഇക്കാര്യം നിയമസഭയില്‍ ചര്‍ച്ചയായപ്പോള്‍ റവന്യൂമന്ത്രി വിശദീകരണം നല്‍കിയതാണ്.

നിരവധി ആളുകളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് 1964ലെ ഭൂപതിവ് ചട്ടം അനുസരിച്ച് ഭൂമി പതിച്ചു നല്‍‌കിയവര്‍ക്ക് മാത്രമാണ് അവര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് പുറത്തിറക്കിയത്. മുഴുവന്‍ പട്ടയഭൂമിയില്‍ നിന്നും മരം മുറിക്കാനുള്ള അനുമതിയായിരുന്നില്ല ഇത്. 2020 ഒക്ടോബര്‍ 24ന് ഇറങ്ങിയ ഗവണ്‍മെന്‍റ് ഉത്തരവിന്‍റെ മറ പിടിച്ചാണ് സംസ്ഥാനത്ത് ആകെ ഇത്തരമൊരു വനംകൊള്ള നടന്നിരിക്കുന്നത്. ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് 2021 ഫെബ്രുവരി 2 നാണ് തുടര്‍ന്ന് സര്‍ക്കാര്‍ ഈ ഉത്തരവ് പിന്‍വലിക്കുന്നത്.