സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം വഴി സ്പീക്കർ സഭയുടെ അന്തസ് കെടുത്തിയെന്ന് പ്രതിപക്ഷം. സ്പീക്കറെ നീക്കണമെന്ന പ്രമേയം രാഷ്ട്രീയ പ്രേരിതമെന്ന് ജി സുധാകരൻ. സ്പീക്കർ രാജി വെക്കണമെന്നാവശ്യപ്പെട്ട് സഭക്ക് പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം.
ഡോളര്‍ക്കടത്ത് ആരോപണം നേരിടുന്ന സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം എം. ഉമ്മര്‍ എംഎല്‍എയാണ് നിയമസഭയിൽ അവതരിപ്പിച്ചത്. ഡോളര്‍ കടത്ത്, സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധവും ശങ്കരനാരായണന്‍ തമ്പി ലോഞ്ചിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആരോപണങ്ങളും മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രമേയം. നിയസഭയുടെ അന്തസ്സ് നിലനിര്‍ത്താന്‍ സ്പീക്കര്‍ക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ഡെപ്യൂട്ടി സ്പീക്കര്‍ ആണ് പ്രമേയ അവതരണത്തിന് അനുമതി നല്‍കിയത്. ബിജെപി എംഎൽഎ ഒ. രാജഗോപാൽ പ്രമേയ അവതരണത്തെ പിന്തുണച്ചു. ദേശ വിരുദ്ധ പ്രവർത്തനങ്ങളെ തിരിച്ചറിയാൻ കഴിയണമെന്ന് പ്രമേയത്തെ അനുകൂലിച്ച് കൊണ്ട് ഒ രാജഗോപാൽ പറഞ്ഞു. സ്പീക്കർ എല്ലാവർക്കും മാതൃകയാകേണ്ട ആളാണെന്നും ഒ. രാജഗോപാൽ കൂട്ടിച്ചേർത്തു. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് സ്പീക്കറെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ചർച്ചയ്ക്കെടുക്കുന്നത്.
സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള സ്പീക്കറുടെ ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് എം ഉമ്മർ എംഎൽഎ പറഞ്ഞു. പ്രതികളുമായി സ്പീക്കർക്ക് സംശയകരമായ ബന്ധമാണുള്ളത്. പ്രതിയുടെ കട സ്പീക്കർ ഉദ്ഘാടനം ചെയ്തത് മാധ്യമങ്ങളില്‍ വന്നതാണെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് എം. ഉമ്മർ പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ തനിക്കെതിരായ പ്രതിപക്ഷ പ്രമേയം യുക്തിക്ക് നിരക്കാത്തതെന്നായിരുന്നു പ്രമേയ അവതരണത്തിന് മുമ്പ് സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍റെ പ്രതികരണം. പ്രതിപക്ഷം ഉന്നയിക്കുന്നത് രാഷ്ട്രീയ ആരോപണം ആണെന്നും പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് തന്നോട് ചോദിക്കാമായിരുന്നുവെന്നും സ്പീക്കർ പറഞ്ഞു.
സ്പീക്കർക്കെതിരായ പ്രമേയം രാഷ്ട്രീയ പ്രേരിതമാണെന്ന് എസ് ശർമ്മ എംഎല്‍എ പറഞ്ഞു. സ്പീക്കർ പദവിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും സ്പീക്കർക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിട്ടില്ലെന്നും ശർമ കൂട്ടിച്ചേർത്തു.
സ്പീക്കർക്കെതിരായ പരാമർശം ഭരണഘടനാ വിരുദ്ധമെന്നായിരുന്നു മന്ത്രി ജി സുധാകരന്‍റെ പ്രതികരണം. കട ഉദ്ഘാടനം ചെയ്യുന്നത് തെറ്റല്ല. എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് സ്പീക്കർക്കെതിരെ പ്രമേയം അവതരിപ്പിച്ചതെന്നും ജി സുധാകരൻ ചോദിച്ചു.
പ്രതിപക്ഷത്തിന് വിശ്വാസം സ്വപ്നയേയും, അവിശ്വാസം സ്പീക്കറോടും ആണെന്ന് മുല്ലക്കര രത്നാകരൻ. സഭക്ക് വേണ്ടി ചെയ്യുന്നത് സ്പീക്കർ തറവാട്ടിൽ കൊണ്ടുപോകുന്നതല്ല. സമൂഹത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ എങ്ങനെ ധൂർത്തായി മാറുമെന്നും മുല്ലക്കര രത്നാകരൻ ചോദിച്ചു.
പ്രതിപക്ഷത്തിന്‍റേത് ശൂന്യതയിൽ നിന്നുള്ള ബഹളമാണെന്ന് എം. സ്വരാജ് എംഎൽഎ. കള്ളപ്പണ ഇടപാടിൽ ഇഡി വന്നപ്പോൾ ഓടിയ പാരമ്പര്യമല്ല സ്പീക്കർക്കുള്ളത്. കളങ്കത്തിന്‍റെ ഒരു ചെറിയ പൊട്ടുമില്ലാത്ത ആളാണ് സ്പീക്കറെന്നും വലതുപക്ഷ മാധ്യമങ്ങളില്‍ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് പ്രമേയം വന്നതെന്നും എം സ്വരാജ് പറഞ്ഞു.
ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ സ്പീക്കർക്ക് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പി ടി തോമസ് പറഞ്ഞു. നിരവധി ആളുകളെ പിന്‍വാതില്‍ വഴി നിയമിച്ചു. നിഷ്പക്ഷനാകേണ്ട സ്പീക്കർ തനി പാർട്ടിക്കാരനായി മാറിയെന്നും പി ടി തോമസ് വിമർശിച്ചു.
സഭയുടെ അന്തസ്സിന് ക്ഷതം ഏൽപ്പിക്കാതിരിക്കാനാണ് പ്രമേയം അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ. ഡോളർകടത്ത് കേസിൽ ചോദ്യം ചെയ്യലിനായി സ്റ്റാഫിനെ പോലും അയക്കാൻ സ്പീക്കർ തയ്യാറായില്ല. സ്പീക്കർക്കെതിരെ ഉന്നയിക്കുന്നത് ആരോപണങ്ങൾ മാത്രമാണെങ്കിൽ എന്തുകൊണ്ട് മാനനഷ്ടത്തിന് കേസ് നൽകുന്നില്ലെന്നും മുനീർ ചോദിച്ചു.
നിയമസഭയുടെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തിയ സ്പീക്കറാണ് ശ്രീരാമകൃഷ്ണനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കറുടെ കസേര വലിച്ചിട്ട ആൾ ആ കസേരയിൽ കയറി ഇരിക്കുന്നത് അധാർമികതയാണ്. പാർട്ടി പറഞ്ഞാലും സ്പീക്കർ സ്ഥാനം ശ്രിരാമകൃഷ്ണൻ ഏറ്റെടുക്കരുതായിരുന്നു. യോഗ്യത ഇല്ലാത്ത ആൾ സ്പീക്കറായപ്പോൾ യോഗ്യത ഇല്ലാത്ത കാര്യങ്ങൾ ചെയ്യുകയാണെന്നും ചെന്നിത്തല വിമർശിച്ചു.
സ്വർണ കടത്ത് – ഡോളർ കടത്ത് കേസുകളും നിയമസഭയിലെ നിർമാണ പ്രവർത്തനങ്ങളിലെ ധൂർത്തുമാണ് പ്രതിപക്ഷം സ്പീക്കർക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ. ചോദ്യോത്തര വേള കഴിഞ്ഞായുടനെയാണ് ഉമ്മറിന്‍റെ നോട്ടീസ് സഭ പരിഗണിച്ചത്.
പ്രമേയത്തിൽ രണ്ടു മണിക്കൂർ ചർച്ചയ്ക്കാണ് തീരുമാനം. ചർച്ചയ്ക്കൊടുവിൽ വോട്ടെടുപ്പ്. സഭയിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാൽ പ്രമേയം പരാജയപ്പെടും. അതു കഴിഞ്ഞാലുടൻ ശ്രീരാമകൃഷ്ണന് സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു മാറാം.
1982ൽ എ. സി ജോസും 2004 ൽ വക്കം പുരുഷോത്തമനുമാണ് ഇതിനു മുമ്പ് സമാന പ്രമേയം നേരിടേണ്ടി വന്ന സ്പീക്കർമാർ. തുടർച്ചയായ കാസ്റ്റിംഗ് വോട്ടുകളാണ് എ.സി ജോസിനെതിരായ പ്രമേയത്തിന് കാരണമായത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ റിബൽ സ്ഥാനാർത്ഥിയായിരുന്ന കോടോത്ത് ഗോവിന്ദൻ നായരെ പിന്തുണച്ച കോൺഗ്രസ് എംഎൽഎമാരെ ഭീഷണിപ്പെടുത്തുന്നു എന്നാരോപിച്ചായിരുന്നു വക്കം പുരുഷോത്തമനെതിരായ നോട്ടീസ്.