Kerala

കുടിയിറക്കപ്പെട്ട് 14 വർഷമായിട്ടും മൂലമ്പള്ളി പുനരധിവാസ പാക്കേജ് നടപ്പായില്ല

വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ പദ്ധതിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവർ 14 വർഷത്തിനിപ്പുറവും നീതിക്കായി സർക്കാരിനോട് കേഴുന്നു. സർക്കാരുകൾ മാറി മാറി വന്നിട്ടും പുനരധിവാസ പാക്കേജ് പകുതി പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. വാഗ്ദാന ലംഘനത്തിന്റെ വാർഷികത്തിൽ കാക്കനാട് തുതിയൂരിൽ മൂലംമ്പിള്ളി കോ-ഓർഡിനേഷൻ കമ്മിറ്റി ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.

2008 ഫെബ്രുവരി ആറിന് പൊലീസ് നടപടിയോടെ ആയിരുന്നു വല്ലാർപാടം പദ്ധതി വേണ്ടിയുളള കുടിയൊഴിപ്പിക്കൽ. ഹൈവേയും റെയിൽവേയും നിർമ്മിക്കാനായി മൂലമ്പിള്ളി, മുളവുകാട് , മഞ്ഞുമ്മൽ, ഇളമക്കരയടക്കം ഏഴിടങ്ങളിൽ നിന്നുമായി കുടിയൊഴിപ്പിച്ചത് 316 കുടുംബങ്ങളെ പുനരധിവാസത്തിനായി ഏഴ് സ്ഥലങ്ങൾ കണ്ടെത്തിയതിൽ ആറും ചതുപ്പ് നിലങ്ങളായിരുന്നു. അവിടെ പൈലിങ് നടത്തി വീട് വയ്ക്കാമെന്നായിരുന്നു സർക്കാർ നിലപാടെങ്കിലും വീട് നിർമ്മിക്കാൻ കഴിയാത്ത സാഹചര്യമാണുളളത്. സ്വന്തം മണ്ണിൽ നിന്നും പുറത്താക്കപ്പെട്ടവരിൽ ഭൂരിഭാഗം പേർക്കും ഇന്നും വീടും, സ്ഥിരം തൊഴിലുമായിട്ടില്ല.

കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് 2008 മാർച്ച് 19 നാണ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്. വീട് നിർമ്മിച്ച് താമസിക്കാൻ കഴിയുന്നതു വരെ 5000 രൂപമാസവാടക, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ ഒരാൾക്ക് വല്ലാർപാടം പദ്ധതിയിൽ ജോലി, ഉപജീവനം നഷ്ടപ്പെട്ടവർക്ക് പകരം സംവിധാനം, സർക്കാർ നൽകിയ നഷ്ടപരിഹാര തുകയിൽ നിന്ന് ആദായനികുതി ഈടാക്കില്ല എന്നതടക്കം നിരവധി വാഗ്ദാനങ്ങൾ. എന്നാൽ ഇവയെല്ലാം ഇന്നും കടലാസിൽ തന്നെയാണ് എന്നതാണ് വസ്തുത.

316 കുടുംബാംഗങ്ങളിൽ കേവലം 40 കുടുംബങ്ങൾക്ക് മാത്രമാണ് പുനരധിവാസ ഭൂമിയിൽ വീട് വച്ച് താമസിക്കാൻ സാധിച്ചത്. അതിൽ തന്നെ ചിലത് ചരിഞ്ഞു. ചിലതിൽ വിള്ളലുകളും രൂപപ്പെട്ടു. . വീട് വച്ചവരുടെ സ്ഥിതി ഇതായിരിക്കെ എങ്ങനെ ഇവിടെ വീട് വച്ചു താമസിക്കുമെന്നാണ് ഇവര് ചോദിക്കുന്നത്. സർക്കാർ നൽകിയ ഭൂമിയിൽ വീട് നിർമ്മിക്കാൻ ധനകാര്യ സ്ഥാപനങ്ങളൊന്നും വായ്പ നൽകുന്നില്ല. 25 വർഷത്തേയ്ക്ക് പട്ടയ ഭൂമി കൈമാറാൻ കഴിയില്ലെന്ന വ്യവസ്ഥയാണ് ഇതിന് കാരണം. കുടിയൊഴിപ്പിക്കലിന്റെ പതിനാലാം വര്‍ഷവും വികസനത്തിന്റെ ഇരകളായി വേദനയോടെ നില്‍ക്കുകയാണ് മൂലന്പിളളിയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവർ.