Kerala

ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ നഗരം അടച്ചിടേണ്ടി വരുമെന്ന് തിരുവനന്തപുരം മേയര്‍

കൊവിഡ് സമൂഹവ്യാപനം തടയാന്‍ തിരുവനന്തപുരത്ത് വ്യാപാരകേന്ദ്രങ്ങളി‍ല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ആദ്യദിനം നടപ്പായില്ല

കൊവിഡ് സമൂഹവ്യാപനം തടയാന്‍ തിരുവനന്തപുരത്ത് വ്യാപാരകേന്ദ്രങ്ങളി‍ല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ആദ്യദിനം നടപ്പായില്ല. നിര്‍ദേശങ്ങളിലെ അവ്യക്തതയാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് തടസമായത്. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ പൂര്‍ണമായി അടച്ചിടേണ്ടിവരുമെന്ന് നഗരസഭ മേയര്‍ മുന്നറിയിപ്പ് നല്‍കി.

വ്യാപാര കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഉദ്ദേശിച്ചായിരുന്നു ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. പക്ഷെ, നിര്‍ദേശപ്രകാരം ഇന്ന് തുറാക്കാന്‍ പാടില്ലാത്ത പഴം, പച്ചക്കറി കടകള്‍ അടക്കം സര്‍വ്വ കടകളും തുറന്നു. ഇറക്കിയ ചരക്കുകള്‍ കേടായിപ്പോകാതിരിക്കാന്‍ പഴം,പച്ചക്കറികടകള്‍ക്ക് ഇളവ് നല്‍കി. പാതി കടകള്‍ എന്ന് പൊതുവില്‍ പറഞ്ഞതല്ലാതെ കടകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നില്ല. പൊലീസിനും അറിയിപ്പ് കിട്ടിയില്ല. അവ്യക്തത മറയാക്കി എല്ലാവരും തുറന്നതോടെ നഗരസഭ ആരോഗ്യവകുപ്പ് ജീവനക്കാര്‍ ഓരോ കടയിലുമെത്തി തുറക്കേണ്ട ദിവസങ്ങള്‍ നിശ്ചയിച്ച് നല്‍കി. വ്യാപാരികളെ ബോധവല്‍ക്കരിക്കാന്‍ മേയറും നേരിട്ടിറങ്ങി.

നാളെ മുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികളുമായി നഗരസഭ മുന്നോട്ടുപോകും.