Kerala

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ച സീറ്റുകള്‍, അതത് പാർട്ടികൾക്ക് തന്നെ നല്‍കാന്‍ കോട്ടയത്തെ ഇടതുമുന്നണിയില്‍ ധാരണ

കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ ജയിച്ച സീറ്റുകളിൽ അതത് കക്ഷികൾ തന്നെ മത്സരിക്കാൻ കോട്ടയത്ത് ഇടതു മുന്നണിയിൽ ധാരണ. ജോസ് വിഭാഗം വന്നതോടെ മുന്നേറ്റം ഉണ്ടാക്കാൻ ആകുമെന്ന് ജില്ലാ എൽ.ഡി.എഫ് വിലയിരുത്തി. എന്നാൽ സിറ്റിംഗ് സീറ്റുകൾ പലതും നഷ്ടപ്പെടുമോയെന്ന ആശങ്ക സി.പി.ഐയ്ക്കുണ്ട്.

ജോസ് വിഭാഗം ഇടതു മുന്നണിയിലെത്തിയ ശേഷമുള്ള ആദ്യ യോഗമാണ് ഇന്നലെ കോട്ടയത്തു നടന്നത്. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഓരോ പാർട്ടികളും കഴിഞ്ഞ തവണ ജയിച്ച സീറ്റുകളിൽ മത്സരിക്കാനാണ് ധാരണ. ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രം സീറ്റിൽ മാറ്റങ്ങൾ ഉണ്ടാകും.

കഴിഞ്ഞ തവണ ജോസ് വിഭാഗവും ഇടതുപാർട്ടികളും പരസ്പരം മത്സരിച്ച സീറ്റുകളില്‍ ജയസാധ്യതയാകും സീറ്റുകൾ നിർണയിക്കുക. ജോസ് വിഭാഗത്തിന്റെ വരവ് ജില്ലയിൽ കാര്യമായി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

സീറ്റുവിഭജനത്തിൽ നിർണായകമാകുക ജില്ലാ പഞ്ചായത്തിലെ സീറ്റ് വിഭജനമാകും. യു.ഡി.എഫിൽ കേരള കോണ്‍ഗ്രസ് 13 സീറ്റുകളിലാണ് മത്സരിച്ചത്. ഇതിൽ 11 ഉം ജോസ് വിഭാഗമാണ് മത്സരിച്ചത്. എന്ത് പരിഗണന ഉണ്ടാകുമെന്നത് കണ്ടറിയണം. എൻ.സി.പി, എല്‍.ജെ.ഡി കക്ഷികളും ജില്ലാ പഞ്ചായത്തിലേക്ക് സീറ്റ് ആവശ്യപ്പെടുന്നുണ്ട്. സീറ്റ് വിഭജനത്തിൽ ശക്തി കേന്ദ്രങ്ങളിലെ ചില സീറ്റുകൾ സംബന്ധിച്ച് സി.പി.ഐക്ക് ആശങ്കയുണ്ട്.