Kerala

ലക്ഷദ്വീപിനായി കേരള നിയമസഭ പ്രമേയം പാസാക്കും

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ പ്രമേയം പാസാക്കും. അടുത്താഴ്ച പ്രമേയം പാസാക്കാനാണ് ആലോചന. അതിനിടെ എഐസിസി സംഘത്തിന്റെ സന്ദര്‍ശനത്തിന് അഡ്മിനിസ്ട്രേഷന്‍ വിലക്കേര്‍പ്പെടുത്തി. നടപടി ഫാസിസമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളി രാമചന്ദ്രന്‍ പ്രതികരിച്ചു. ലക്ഷദ്വീപ് വിഷയത്തില്‍ യുഡിഎഫ് നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കും.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ അടക്കം ആവശ്യമുന്നയിച്ച പശ്ചാത്തലത്തിലാണ് കേരള നിയമസഭ പ്രമേയം പാസാക്കാൻ തീരുമാനിച്ചത്. അടുത്തയാഴ്ച പ്രമേയം അവതരിപ്പിക്കാനാണ് ആലോചന. ഐക്യകണ്ഠേനയായിരിക്കും പ്രമേയം പാസാക്കുക.

അതിനിടെ ലക്ഷദ്വീപ് സന്ദർശിക്കാനുള്ള എഎൈസിസി സംഘത്തിന് അനുമതി നിഷേധിച്ചു. 144 പ്രഖ്യാപിച്ചതും കോവിഡും ചൂണ്ടികാട്ടിയാണ് എഐസിസി സംഘത്തിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ അനുമതി നിഷേധിച്ചത്. നടപടിക്കെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് വന്നു. അഡ്മിനിസ്ട്രേറ്റര്‍ എടുത്ത എല്ലാ തീരുമാനങ്ങളും റദ്ദ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ലക്ഷദ്വീപിലെ ഏക ഗുണ്ട, അഡ്മിനിസ്ട്രേറ്ററാണെന്നായിരുന്നു കെ മുരളീധരന്‍റെ വിമര്‍ശനം. നാളെ ചേരുന്ന യുഡിഎഫ് ഏകോപന സമിതിയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരായ സമരത്തിന് രൂപം നല്‍കും.