India Kerala

‘കേരള റോക്ക് സ്റ്റാർ’; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ദ ​ഗാർഡിയൻ

മഹാമാരിക്ക് നാല് മാസത്തിന് ശേഷവും, അഞ്ഞൂറിൽപരം കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.

കോവിഡ് പ്രതിരോധത്തിൽ ആരോഗ്യമന്ത്രി കെ.കെ ശെെലജയെ പ്രശംസിച്ച് ബ്രിട്ടീഷ് മാധ്യമം. കേരളത്തിന്റെ റോക്ക് സ്റ്റാർ ആരോഗ്യമന്ത്രി എവ്വിധമാണ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ മാതൃകാപരമായ വഴി സ്വീകരിച്ചതെന്നാണ് ലേഖനത്തിൽ പറയുന്നത്. ദി ഗാര്‍ഡിയനിലെ ലോറ സ്പിന്നിയാണ് കെ.കെ ശെെലജയെ പ്രശംസിച്ചുള്ള ലേഖനം തയ്യാറാക്കിയത്.

രാജ്യത്ത് തന്നെ മികച്ച രീതിയിൽ ആരോഗ്യരംഗത്ത് ഇടപെടുന്ന കെ.കെ ശെെലജക്ക് കൊറോണ വെെറസിന്റെ അന്തകയെന്ന വിശേഷണമാണ് പലരും നൽകിയിരിക്കുന്നതെന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. വുഹാനിൽ വെെറസ് സ്ഥിരീകരിച്ച തൊട്ടടുത്ത ദിവസം തന്നെ ആരോഗ്യമന്ത്രി സംസ്ഥാനത്ത് വേണ്ട നടപടികൾ സ്വീകരിച്ചു. ജനുവരി ഇരുപതിനാലിന് തന്നെ സംസ്ഥാനത്ത് കണ്ട്രോൾ റൂം തുറന്നു. മൂന്ന് ദിവസത്തിന് ശേഷം, ജനുവരി ഇരുപത്തി ഏഴിനാണ് കേരളത്തിൽ ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്. വുഹാനിൽ നിന്നും എത്തിയ വിദ്യാർഥിക്കായിരുന്നു രോഗം ആദ്യമായി സ്ഥിരീകരിച്ചത്.

അപ്പോഴേക്കും ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദേശപ്രകാരമുള്ള പരിശോധനാ രീതികളും പ്രതിരോധ മാർഗങ്ങളും സംസ്ഥാനത്ത് നടപ്പിലാക്കിയിരുന്നുവെന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

മഹാമാരിക്ക് നാല് മാസത്തിന് ശേഷവും, അഞ്ഞൂറിൽപരം കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. നാല് പേർ മരിച്ചു. എന്നാൽ ബ്രിട്ടനിലും അമേരിക്കയിലും നാൽപ്പതിനായിരവും എൻപതിനായിരവും മരണങ്ങളാണ് യഥാക്രമം ഇക്കാലയളവിലുണ്ടായത്. പലയിടത്തും സമൂഹവ്യാപനം ഉണ്ടായെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

ഒന്നേമുക്കാൽ ലക്ഷം പേരെയാണ് തുടക്കത്തിൽ സംസ്ഥാനത്ത് ക്വാറന്റയിനിൽ പ്രവേശിപ്പിച്ചത്. അതിനിടെ രാജ്യത്ത് ലോക്ക്ഡ‍ൗൺ പ്രഖ്യാപിച്ചു. പിന്നീട് സംസ്ഥാനത്തെ ക്വാറെന്റയിനിലുള്ളവരുടെ എണ്ണം ഇരുപതിനായിരത്തിലേക്ക് എത്തി. ഇക്കാലയളവിൽ തന്നെ ഒന്നര ലക്ഷത്തോളം വരുന്ന അതിഥി തൊഴിലാളികളുടെ കാര്യത്തിലും സംസ്ഥാനം ശ്രദ്ധ നൽകിയെന്നും മന്ത്രിയെ ഉദ്ധരിച്ച് ഗാർഡിയൻ പറഞ്ഞു. നിപ കാലത്തെ കേരളത്തിന്റെ അപരാജിത പോരാട്ടവും, അതേ കുറിച്ച് മലയാളത്തിൽ തന്നെ ഇറങ്ങിയ വെെറസ് ചിത്രത്തെ കുറിച്ചും ലേഖനത്തിൽ പരാമർശമുണ്ട്.

ലേഖനം ട്വിറ്ററിൽ പങ്കുവെച്ച കോൺഗ്രസ് എം.പി ശശി തരൂർ, കോവി‍ഡ് പ്രതിരോധപ്രവർത്തിയിൽ ആരോ\ഗ്യമന്ത്രി പ്രശംസയർഹിക്കുന്നതായും കുറിച്ചു.