Kerala

പെരിയ; സി.ബി.ഐ അന്വേഷണം നടക്കുന്ന നാലാമത്തെ രാഷ്ട്രീയ കൊലക്കേസ്

ഈ കേസുകളിലെല്ലാം പ്രതി സ്ഥാനത്തുളളത് സി.പി.എമ്മാണ്. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മാസങ്ങള്‍ മാത്രം ശേഷിക്കെ ഈ കേസുകള്‍ സി.പി.എമ്മിനെ രാഷ്ട്രീയമായി ഏറെ പ്രതിസന്ധിയിലാക്കും

ഫസല്‍,ഷുക്കൂര്‍,കതിരൂര്‍ മനോജ് വധക്കേസുകള്‍ക്ക് പിന്നാലെ സി.ബി.ഐ അന്വേഷിക്കുന്ന രാഷ്ട്രീയ കൊലപാതക കേസാണ് പെരിയ ഇരട്ടക്കൊലപാതകം. ഈ കേസുകളിലെല്ലാം പ്രതി സ്ഥാനത്തുളളത് സി.പി.എമ്മാണ്. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മാസങ്ങള്‍ മാത്രം ശേഷിക്കെ ഈ കേസുകള്‍ സി.പി.എമ്മിനെ രാഷ്ട്രീയമായി ഏറെ പ്രതിസന്ധിയിലാക്കും.

സി.ബി.ഐ ഏറ്റെടുത്ത കേരളത്തിലെ ആദ്യ രാഷട്രീയ കൊലപാതക കേസായിരുന്നു തലശേരി ഫസല്‍ വധക്കേസ്.2006 ഒക്ടോബര്‍ 22നാണ് മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ടത്.2008 ഏപ്രില്‍ 5ന് ഈ കേസ് സി.ബി.ഐ ഏറ്റെടുത്തു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരനുമടക്കമുളളവര്‍ കേസില്‍ പ്രതികളാണ്. അരിയില്‍ ഷുക്കൂര്‍ വധക്കേസിലാവട്ടെ സി.പി.എം സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.ജയരാജനും ടി.വി രാജേഷ് എം.എല്‍.എയുമാണ് പ്രതിപ്പട്ടികയിലുളളത്. ഗൂഢാലോചനക്കുറ്റത്തിന് ഇരുവരും അറസ്റ്റിലാവുകയും ചെയ്തു.കതിരൂര്‍ മനോജ് വധക്കേസിലും ഇരുപത്തിയഞ്ചാം പ്രതിയാണ് പി.ജയരാജന്‍.പെരിയ കേസിലും ആരോപണത്തിന്‍റെ മുന നീളുന്നത് സി.പി.എം നേതൃത്വത്തിന് നേരെ തന്നെ.സി.ബി.ഐ അന്വേഷണത്തിന് തടയിടാന്‍ പാര്‍ട്ടിയും സര്‍ക്കാരും കിണഞ്ഞ് ശ്രമിച്ചങ്കിലും നടന്നില്ല.

മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരമാന്‍ അടക്കമുളളവര്‍ക്ക് പെരിയ കേസില്‍ ബന്ധമുണ്ടന്നാണ് ബന്ധുക്കളുടെ ആരോപണം.ഇതിനൊപ്പം മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിടണമെന്ന ബന്ധുക്കളുടെ ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്.പെരിയ-ഷുഹൈബ് വധക്കേസുകള്‍ സി.ബി.ഐക്ക് വിടുന്നതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിച്ചതും വിവാദമായിരുന്നു.തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ കൊലപാതക കേസുകളില്‍ നേതാക്കള്‍ സി.ബി.ഐ അന്വേക്ഷണം നേരിടണ്ടി വരുന്നത് സി.പി.എമ്മിനെ ഏറെ പ്രതിസന്ധിയിലാക്കുമെന്നുറപ്പാണ്.