മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. സുപ്രിംകോടതി നിര്‍ദേശ പ്രകാരം രണ്ട് സങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി അഞ്ചംഗ സമിതിയെ രൂപീകരിച്ച ശേഷമുള്ള ആദ്യ സന്ദര്‍ശമാണ് ഇന്ന് നടക്കുന്നത്. ഇറിഗേഷന്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ചീഫ് എന്‍ജിനീയര്‍ അലക്‌സ് വര്‍ഗീസ് , കാവേരി സെല്‍ ചെയര്‍മാന്‍ ആര്‍.സുബ്രഹ്മണ്യന്‍ എന്നിവരെയാണ് സമിതിയില്‍ പുതിയതായി ഉള്‍പ്പെടുത്തിയത്. മേല്‍നോട്ട സമിതിയെയാണ് സുപ്രിംകോടതി ഡാം സുരക്ഷയുടെ പൂര്‍ണ അധികാരം ഏല്‍പ്പിച്ചിരുന്നത്.
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ അധികാര പരിധി കൂട്ടി സുപ്രിംകോടതി ഇടപെട്ട് വര്‍ധിപ്പിച്ചിരുന്നു. ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരം മേല്‍നോട്ട സമിതിക്ക് കൈമാറാനായിരുന്നു സുപ്രിംകോടതി ഉത്തരവ്. ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂര്‍ണ സജ്ജമാകുന്നത് വരെയാണ് ക്രമീകരണം. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചാണ് വിധി പ്രസ്താവിച്ചിരുന്നത്.
മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കേരള തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ വീതം സമിതിയില്‍ ഉള്‍പ്പെടുത്താനായിരുന്നു തീരുമാനമായിരുന്നത്. ഇനി മുതല്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കും പരിഹരിക്കുന്നതിനും മേല്‍നോട്ട സമിതിക്ക് അധികാരം നല്‍കിയിരുന്നു. പ്രദേശികമായി നാട്ടുകാരുടെ ആശങ്കകള്‍ പരിഗണിച്ചുകൊണ്ട് വേണം മേല്‍നോട്ട സമിതി പ്രവര്‍ത്തിക്കാനെന്നും സുപ്രിംകോടതി പറഞ്ഞു. നാട്ടുകാര്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് മേല്‍നോട്ട സമിതിയെ അറിയിക്കാം. മേല്‍നോട്ട സമിതി അത് പരിഗണിക്കുകയും പരിശോധിക്കുകയും വേണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.