Kerala

ആദ്യഘട്ട തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ പരസ്യ പ്രചാരണം നാളെ അവസാനിക്കും

ആദ്യഘട്ട തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. കോവിഡ് പശ്ചാത്തലത്തില്‍ പതിവ് കലാശകൊട്ടുകള്‍ ഇത്തവണയും ഉണ്ടാവില്ല. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് എത്തിയതോടെ ആവനാഴിയിലെ അവസാന അസ്ത്രങ്ങളും പ്രചാരണ രംഗത്ത് ഉപയോഗിക്കുകയാണ് മുന്നണികള്‍.

ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പരസ്യ പ്രചാരണത്തിനാണ് നാളെ കൊടിയിറങ്ങുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ പ്രചാരണത്തിന് നിയന്ത്രണങ്ങളുണ്ടെങ്കിലും അവസാന മണിക്കൂറുകളിലും പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കുകയാണ് മുന്നണികള്‍.

നേതാക്കളാകട്ടെ ആരോപണ പ്രത്യാരോപണങ്ങള്‍ കൊഴിപ്പിക്കുന്നു. പ്രാദേശിക പ്രശ്നങ്ങളേക്കാള്‍ വിവാദങ്ങള്‍ക്കാണ് പ്രചാരണ രംഗത്ത് മേല്‍ക്കൈ. സംസ്ഥാന സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫിന്‍റെ പ്രചാരണായുധം. എങ്കിലും സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദങ്ങള്‍ക്ക് മറുപടി പറയാനും നേതാക്കള്‍ക്ക് സമയം കണ്ടത്തേണ്ടി വരുന്നു.

മറുഭാഗത്ത് യു.ഡി.എഫാകട്ടെ സ്വര്‍ണക്കടത്ത് മുതല്‍ ലൈഫ് മിഷന്‍ വരെയുള്ള സകല വിവാദങ്ങളും എടുത്ത് ഉപയോഗിക്കുന്നു . അഴിമതി തന്നെയാണ് പ്രധാന പ്രചാരണ വിഷയം.

സ്വര്‍ണകടത്ത് മുതല്‍ മുഖ്യമന്ത്രിയുടെ പ്രചാരണ രംഗത്തെ അസാന്നിധ്യം വരെ ബിജെപി ചര്‍ച്ചയാക്കുന്നു. പക്ഷേ അപ്പോഴും പാളയത്തിലെ പോര് ബിജെപി പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തെ തകിടം മറിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായുള്ള യുഡിഎഫിന്‍റെ വിർച്വൽ റാലിക്ക് തുടക്കമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെർച്വൽ റാലി ഉദ്ഘാടനം ചെയ്തു. പി കെ കുഞ്ഞാലിക്കുട്ടിയുൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ പങ്കെടുത്തു. വികസനത്തെക്കുറിച്ച് പറയുന്നവർ കഴിഞ്ഞ സർക്കാർ നടത്തിയ വികസന പദ്ധതികൾ അട്ടിമറിക്കുകയാണ് ചെയ്തതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.