India Kerala

ജന്‍ധന്‍ അക്കൗണ്ടില്‍ വന്ന 15 ലക്ഷം ചെലവാക്കി; കര്‍ഷകന്‍ വെട്ടില്‍

അബദ്ധത്തില്‍ ജന്‍ധന്‍ അക്കൗണ്ടിലേക്ക് എത്തിയ പണം പ്രധാനമന്ത്രി നല്‍കിയതാണെന്ന് കരുതി, അതുപയോഗിച്ച് വീടു നിര്‍മ്മിച്ച കര്‍ഷകന്‍ ഊരാക്കുടുക്കിലായി. കഴിഞ്ഞ ഓഗസ്റ്റിലാണ് ഔറംഗാബാദ് സ്വദേശിയായ ജ്ഞാനേശ്വര്‍ എന്ന കര്‍ഷകന്റെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ വന്നത്.

തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ എല്ലാവരുടെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ എത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതനുസരിച്ച് പണം എത്തിയതാണെന്ന് കരുതി അതില്‍ നിന്ന് 9 ലക്ഷം രൂപ പിന്‍വലിച്ചാണ് വീട് നിര്‍മ്മിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്ന തന്റെ അക്കൗണ്ടിലേക്ക് 15ലക്ഷം രൂപ നിക്ഷേപിച്ച പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് നേരത്തേ ജ്ഞാനേശ്വര്‍ കത്തെഴുതിയിരുന്നു.

എന്നാല്‍ ഗ്രാമ പഞ്ചായത്തിന്റെ വികസന ഫണ്ടിലേക്കുള്ള പണം ബാങ്ക് കൈമാറിയപ്പോള്‍ അബദ്ധത്തില്‍ ജ്ഞാനേശ്വറിന്റെ അക്കൗണ്ടില്‍ എത്തിയതായിരുന്നു. പണം അക്കൗണ്ട് മാറി വന്നതാണെന്ന് പിന്നീടാണ് ജ്ഞാനേശ്വര്‍ അറിഞ്ഞത്.

ബാങ്ക് അധികൃതര്‍ ഉടന്‍ തന്നെ ഇടപെടുകയും പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്ന ആറു ലക്ഷം രൂപ ജ്ഞാനേശ്വര്‍ തിരിച്ചടച്ചു. ഇനി 9 ലക്ഷം രൂപയാണ് ബാങ്കിന് തിരിച്ചടയ്‌ക്കേണ്ടത്. ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ വിഷമിക്കുകയാണ് കര്‍ഷകന്‍.