ഫോനി ചുഴലിക്കാറ്റ് ഭീതി കേരളത്തിൽ നിന്ന് അകലന്നു. ചുഴലിക്കാറ്റ് നാളെയോടെ ഒഡീഷ തീരത്തെത്തും. ജാഗ്രത തുടരണമെന്ന് ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ അതി തീവ്രചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ‘ഫോനി’ ബുധനാഴ്ചയോടെ വടക്ക് കിഴക്ക് ദിശയിൽ മാറി സഞ്ചരിച്ച് ഒഡീഷ തീരത്തേക്ക് നീങ്ങും. നിലവില്‍ ശ്രീലങ്കയിലെയിലെ ട്രിങ്കോമലിയില്‍ നിന്ന് കിഴക്ക് വടക്ക് കിഴക്ക് 670 കിലോമീറ്റര്‍ മാറിയാണ് ഫോനിയുടെ സ്ഥാനം. വ്യാഴാഴ്ചയായിരിക്കും ചുഴലിക്കാറ്റ് ഏറ്റവും തീവ്രമാകുന്നത്. ഈ സമയത്ത് മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിതീവ്ര ചുഴലിക്കാറ്റായി മാറുമെങ്കിലും ഫോനി കരയിലേക്ക് കടക്കുമോ എന്ന് ഈ ഘട്ടത്തിൽ പ്രവചിച്ചിട്ടില്ല.
കാറ്റ് അകന്നു പോയതിനാൽ കേരളത്തിൽ ഫോനിയുടെ പ്രഭാവം കുറയുമെന്നാണ് വിലയിരുത്തൽ. എന്നാൽ എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുമെന്നാണ് ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പ്. ഇവിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. ബീച്ചുകളിലേക്കുള്ള വിനോദ സഞ്ചാരവും ഒഴിവാക്കണണെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും വിലക്കിയിട്ടുണ്ട്.