തിരുവനന്തപുരം നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രത്തിൽ തിക്കും തിരക്കും. പോളിങ് സാമഗ്രികൾ വാങ്ങാനെത്തിയ ഉദ്യോഗസ്ഥർ സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. നാലാഞ്ചിറ സർവോദയ വിദ്യാലയത്തിലാണ് കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് സബ് കലക്ടർ എം.എസ് മാധവിക്കുട്ടി മീഡിയവണിനോട് പറഞ്ഞു.
നാളയൊണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ 6813 വാര്‍ഡുകളിലായി 24584 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 8826620 വോട്ടർമാരാണ് ആദ്യ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുക. 318 ഗ്രാമപഞ്ചായത്തുകളിലും 50 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പ്പറേഷനുകളിലും 20 മുനിസിപ്പാലിറ്റികളിലും അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് നാളെ വോട്ടെടുപ്പ്. എട്ടിന് രാവിലെ 7 മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. നാളെ വൈകിട്ട് മൂന്ന് മണി വരെ കോവിഡ് ബാധിക്കുന്നവര്‍ക്കും ക്വാറന്‍റൈന്‍ ഉള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്.
അതിന് ശേഷം കോവിഡ് ബാധിക്കുന്നവര്‍ പോളിങിന്‍റെ അന്ന് ആറ് മണിക്ക് ശേഷം പോളിംങ് ബുത്തില്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തണം. പോളിംങ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.