Kerala

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുറുകുന്നതിനിടെ സി.ബി.ഐക്ക് പൂട്ടിടാന്‍ സി.പി.എമ്മിന്‍റെ രാഷ്ട്രീയ നീക്കം

സംസ്ഥാനത്ത് കേസുകള്‍ അന്വേഷിക്കാന്‍ സി.ബി.ഐയ്ക്ക് സര്‍ക്കാര്‍ നല്‍കിയ പൊതുസമ്മതം ഒഴിവാക്കിയുള്ള ഉത്തരവ് കേരളം ഉടന്‍ പുറത്തിറക്കും. സി.ബി.ഐയുടെ ദുരുപയോഗമാണ് ചോദ്യം ചെയ്യുന്നതെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. സര്‍ക്കാര്‍ നീക്കത്തിന് സി.പി.എമ്മിന് പിന്നാലെ സി.പി.ഐയും പിന്തുണയുമായി രംഗത്ത് വന്നു. ലൈഫ് മിഷന്‍ അന്വേഷത്തില്‍ സി.ബി.ഐ ഇടപെട്ടതിലുള്ള ഭയം മൂലമാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ തീരുമാനമെടുക്കുന്നത് കേന്ദ്ര മന്ത്രി വി മുരളീധരന്‍ കുറ്റപ്പെടുത്തി.

ഡല്‍ഹിക്ക് പുറത്ത് കേസുകള്‍ എടുക്കണമെങ്കില്‍ സി.ബി.ഐയ്ക്ക് അതാത് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വേണം. അല്ലെങ്കില്‍ ഹൈക്കോടതിയോ സുപ്രീംകോടതിയോ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണം. ക്രിമനല്‍ കേസുകളുടെ കാര്യത്തില്‍ ഇപ്പോഴും അതുതന്നെയാണ് രീതിയും കീഴ്വഴക്കവും. എന്നാല്‍, അഴിമതി കേസുകളിലാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നല്‍കിയ പൊതുസമ്മതം നിലനില്‍ക്കുന്നുണ്ട്.

സി.ബി.ഐയില്‍ നിന്ന് രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുന്നുവെന്ന മനസിലാക്കി ആന്ധ്ര, ബംഗാള്‍, രാജസ്ഥാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നേരത്തെ തന്നെ അന്വേഷണത്തിന് നല്‍കിയ പൊതുസമ്മതം പിന്‍വലിച്ചിരിന്നു. ലൈഫ് പദ്ധതിയില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചതോടെയാണ് കേരളം അത്തരത്തിലുള്ള ആലോചനകള്‍ ആരംഭിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും സമാനമായ തീരുമാനങ്ങള്‍ എടുത്തിരുന്നതുകൊണ്ട് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചാലും അതിനെ മറികടക്കാമെന്ന് ഇടത് മുന്നണി കണക്കുകൂട്ടുന്നുണ്ട്.