Kerala

സൗജന്യകിറ്റ് വിതരണം തുണച്ചു, തുടര്‍ഭരണ സാധ്യതയെന്ന് സിപിഎം വിലയിരുത്തല്‍

തദ്ദേശതെരഞ്ഞെടുപ്പിലെ ഉജ്ജ്വലജയത്തോടെ സംസ്ഥാനത്ത് തുടര്‍ ഭരണസാധ്യതയെന്ന് സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ്. വിജയത്തിന്‍റെ പ്രധാനഘടകമായ സൗജന്യകിറ്റ് വിതരണം അടക്കമുള്ള ജനക്ഷേമ പദ്ധതികള്‍ തുടരാന്‍ തീരുമാനിച്ചു. നിയമസഭ തെരഞ്ഞെടുപ്പിലെ വിജയം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഈ മാസം 22 മുതല്‍ സംസ്ഥാന പര്യടനം നടത്തും.

കേന്ദ്ര ഏജന്‍സികളുടെ അതിര് വിട്ട ഇടപെടലും അതിനെ ഉയര്‍ത്തിയുള്ള പ്രതിപക്ഷത്തിന്‍റെ നീക്കങ്ങളുമെല്ലാം ജനങ്ങള്‍ തിരസ്കരിച്ചതിന്‍റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് വിലയിരുത്തി. 100 നോട് അടുപ്പിച്ച് നിയമസഭ സീറ്റുകളില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതോടെ തുടര്‍ ഭരണത്തിനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞിട്ടുണ്ട്. ജനക്ഷേമപദ്ധതികളാണ് തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ഗുണം ചെയ്തത്.ക്ഷേമ പെന്‍ഷന്‍ എല്ലാ മാസവും കൃത്യമായി എത്തിച്ചതും കോവിഡ് കാലം മുതല്‍ കിറ്റ് വിതരണം നടത്തിയതും ജനങ്ങളില്‍ സ്വാധീനമുണ്ടാക്കി. കിറ്റ് വിതരണം തുടര്‍ന്ന് കൊണ്ട് പോകാനും സിപിഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചു. തുടര്‍ ഭരണം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി എല്ലാ ജില്ലകളിലും പര്യടനം നടത്തി സാമൂഹ്യസാംസ്കാരിക നേതാക്കന്‍മാരേയും മതമേലധ്യക്ഷന്‍മാരേയും കാണും. 22ന് കൊല്ലത്ത് തുടങ്ങുന്ന പര്യടനം 30 ന് അവസാനിക്കും.ആദ്യ ദിനം രാവിലെ കൊല്ലത്തും വൈകിട്ട് പത്തനംതിട്ടയിലുമാണ് പര്യടനം.30 ന് എറണാകുളത്തും ആലപ്പുഴയിലുമായി പര്യടനം അവസാനിക്കും.നഗര മേഖലകളിൽ ബിജെപി കടന്നു കയറ്റം ഗൗരവതരമെന്ന് സി പി എം വിലയിരുത്തി. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ജനുവരി 2,3 തീയതികളില്‍ സംസ്ഥാനകമ്മിറ്റി ചേരും.

വരും ദിവസങ്ങളില്‍ ജില്ലാ കമ്മിറ്റികള്‍ ചേരാനും നിര്‍ദ്ദേശം നല്‍കി. കോര്‍പ്പറേഷന്‍ മേയര്‍മാരുടെ കാര്യം ജില്ലാകമ്മിറ്റി ചര്‍ച്ച ചെയ്ത് സംസ്ഥാനനേതൃത്വത്തെ അറിയിക്കണം. 28 ന് മുന്‍പ് സംസ്ഥാനനേതൃത്വം അന്തിമ തീരുമാനമെടുക്കും. ജോസ് കെ മാണിയുടെ വരവ് ക്രൈസ്തവ സമൂഹത്തിനിടയിലെ വോട്ട് കൊണ്ട് വരുന്നതില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടാക്കിയെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.