India Kerala

കാപ്പനില്ലേലും ജോസ് മതി; പാല സീറ്റില്‍ എന്‍.സി.പിയുടെ എതിര്‍പ്പ് കാര്യമാക്കേണ്ടെന്ന് സി.പി.എം

പാലാ സീറ്റ് സംബന്ധിച്ച് മാണി സി കാപ്പന്‍റെ എതിർപ്പ് കാര്യമായി എടുക്കേണ്ടതില്ലെന്ന് സി.പി.എം. നിയമസഭ സീറ്റ് ചർച്ചയിലേക്ക് മുന്നണി കടക്കാതെ ഇക്കാര്യത്തിലുള്ള പരസ്യപ്രസ്താവനകള്‍ ശരിയല്ലെന്നാണ് സി.പി.എം നിലപാട്. എന്നാൽ പാലാ സീറ്റ് ജോസ് കെ. മാണിക്കു തന്നെ നൽകാനാണ് സാധ്യത. അതേസമയം ജോസ് നിലപാട് പ്രഖ്യാപിച്ചിട്ടും സി.പി.ഐ ഇക്കാര്യത്തില്‍ മൌനം തുടരുകയാണ്. എന്‍.സി.പിയേക്കാള്‍ ജനസ്വാധീനം ജോസ് കെമാണിയുടെ പാര്‍ട്ടിക്കുണ്ട് എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സി.പി.എം നേതൃത്വം കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍.ഡി.എഫില്‍ എത്തിക്കാനുള്ള നീക്കം നടത്തിയത്.

ജോസ് മുന്നണിയില്‍ എത്തും മുമ്പ് തന്നെ പാലാ സീറ്റ് സംബന്ധിച്ച് മാണി സി. കാപ്പന്‍ നടത്തിയ പരസ്യ പ്രതികരണത്തിൽ സി.പി.എം നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. തദ്ദേശ തെരഞ്ഞടുപ്പിന്‍റെ ഒരുക്കങ്ങളില്‍ ശ്രദ്ധ കേന്ദ്രകരിക്കുന്നതിനിടെ വിവാദങ്ങളില്‍ ശ്രദ്ധിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാട്.

എന്നാല്‍ ജോസ്.കെ മാണിയുടെ പാര്‍ട്ടിക്ക് പാലായിലുള്ള സ്വാധീനം പരിഗണിച്ച് സീറ്റ് വിട്ട് നല്‍കാന്‍ തന്നെയാണ് നേതൃത്വിത്തിലെ ധാരണ. അതുകൊണ്ട് തന്നെ മാണി സി.കാപ്പന്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ സി.പി.എം കാര്യമായി എടുക്കില്ല, പാലാ സീറ്റിന്‍റെ പേരില്‍ മാണി സി കാപ്പന്‍ വിട്ട് പോയാലും എന്‍.സി.പിയിലെ ഒരു വിഭാഗം കൂടെ നില്‍ക്കുമെന്നാണ് സി.പി.എം കണക്ക് കൂട്ടല്‍.

സി.പി.ഐ മത്സരിച്ച് വരുന്ന കാഞ്ഞിരപ്പള്ളി സീറ്റിലും ജോസ് കണ്ണ് വച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സി.പി.എം നേതൃത്വം സി.പി.ഐയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. നാളെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം വൈകാതെ ഇടതുമുന്നണി യോഗവും ചേര്‍ന്ന് ജോസിനെ മുന്നണിയുടെ ഭാഗമാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചേക്കും.