Kerala

ജോസിനെ മുന്നണിയിലെടുക്കാം, പക്ഷേ യു.ഡി.എഫിനെ തള്ളിപ്പറയണമെന്ന നിലപാടില്‍ സി.പി.ഐ

യു.ഡി.എഫിനെ തള്ളിപ്പറഞ്ഞും ബി.ജെ.പി പോലുള്ള ഉള്ള വർഗീയ കക്ഷികളുമായി ചേരില്ലെന്ന് നിലപാട് പ്രഖ്യാപിച്ചും വന്നാൽ ജോസ് കെ. മാണിയുമായി സഹകരണമാകാമെന്നാണ് സി.പി.ഐ നിലപാട്.

ജോസ് കെ. മാണിയെ മുന്നണിയിൽ എടുക്കേണ്ടെന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോയി സി.പി.ഐ. യു.ഡി.എഫിനെ തള്ളിപ്പറഞ്ഞും ബി.ജെ.പി പോലുള്ള ഉള്ള വർഗീയ കക്ഷികളുമായി ചേരില്ലെന്ന് നിലപാട് പ്രഖ്യാപിച്ചും വന്നാൽ ജോസ് കെ. മാണിയുമായി സഹകരണമാകാമെന്നാണ് സി.പി.ഐ നിലപാട്. പാർട്ടി നിലപാട് മുന്നണി നേതൃത്വത്തെ സി.പി.ഐ അറിയിക്കും. സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് അവസാനിക്കും.

ജോസ് കെ. മാണിയെ ഇടത് മുന്നണിയുടെ ഭാഗമാക്കേണ്ടെന്ന മുൻ നിലപാടിൽ നിന്ന് സി.പി.ഐ പിന്നോട്ട് പോകുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. ജോസ് കെ. മാണിയുമായി പ്രാദേശികതലത്തിൽ സഹകരണം ആകാമെന്ന് സംസ്ഥാന എക്സിക്യൂട്ടീവിൽ അഭിപ്രായമുയർന്നു. എന്നാൽ ഈ ഘട്ടത്തിൽ അവരുമായി മുന്നണി എന്ന നിലയിൽ ചർച്ചയോ വേദി പങ്കിടലോ പാടില്ല. അങ്ങനെ വേണമെങ്കിൽ അതിനുമുമ്പ് യുഡിഎഫ് രാഷ്ട്രീയത്തെ പൂർണമായും ജോസ് കെ. മാണി തള്ളി പറയണമെന്നാണ് സി പി ഐ നിലപാട്.

എന്തുകൊണ്ട് യു.ഡി.എഫ് വിട്ടു എന്ന കാര്യവും അവർ വ്യക്തമാക്കണം. മാത്രമല്ല ബി.ജെ.പി പോലുള്ള വർഗീയ കക്ഷികളുമായി ചേരില്ലെന്നും അവർ നിലപാട് പ്രഖ്യാപിക്കണം. എങ്കിൽ മാത്രമേ ജോസ് കെ മാണിയുമായി മുന്നണി ബന്ധം പാടുള്ളൂ എന്നാണ് സി.പി.ഐയുടെ അഭിപ്രായം. ഇക്കാര്യം മുന്നണി യോഗത്തെ അറിയിക്കാനും സംസ്ഥാന എക്സിക്യൂട്ടീവിൽ തീരുമാനമായി. 29 ന്‌ ചേരുന്ന ഇടതുമുന്നണി യോഗത്തിൽ സി.പി.ഐ നിലപാട് അറിയിക്കും.