പട്ടാമ്പി സീറ്റ് ലീഗിന് നല്‍കി തിരുവമ്പാടി കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന താമരശേരി രൂപതയുടെ ആവശ്യം ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കാനൊരുങ്ങി കോണ്‍ഗ്രസ്. തിരുവമ്പാടിയില്‍ ക്രൈസ്തവ സമുദായാംഗത്തെ പരിഗണിക്കണമെന്ന രൂപതയുടെ ആവശ്യവും കോണ്‍ഗ്രസ് ചര്‍ച്ചയില്‍ മുന്നോട്ട് വെക്കും. രൂപതയുടെ താത്പര്യങ്ങള്‍ കൂടി പരിഗണിച്ചാകും ലീഗിന്‍റെ നീക്കവും.
കര്‍ഷക മുഖമുള്ള ക്രൈസ്തവ നേതാവിനെ തിരുവമ്പാടിയില്‍ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് താമരശേരി രൂപതാ ബിഷപ്പ് റെമജിയൂസ് ഇഞ്ചനാനിയില്‍ കെ.വി തോമസിന് മുമ്പാകെ വെച്ചത്. മലപ്പുറം,പാലക്കാട്,വയനാട്,കോഴിക്കോട് , കാസര്‍കോട് ജില്ലകളില്‍ ക്രൈസ്തവ സമുദായാംഗങ്ങള്‍ക്ക് പരിഗണന ലഭിക്കുന്നില്ലെന്നും ഇതിനാല്‍ തിരുവമ്പാടി ഇക്കുറി കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും ബിഷപ്പ് കെ.വി തോമസിനോട് ആവശ്യപ്പെട്ടിരുന്നു. തിരുവമ്പാടിക്കു പകരം കല്‍പ്പറ്റ നല്‍കണമെന്ന ലീഗ് ആവശ്യം കോണ്‍ഗ്രസ് തള്ളിയതാണ്. പട്ടാമ്പി മുന്‍നിര്‍ത്തിയുള്ള ഫോര്‍മുല കോണ്‍ഗ്രസിന് താത്പര്യമുണ്ട്.
ലീഗ് അതു തള്ളില്ലെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്.ഇരുപത് വര്‍ഷത്തോളമായി കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റു പോലുമില്ല. തിരുവമ്പാടി ലഭിക്കുകയും താമരശേരി രൂപതക്ക് കൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും ചെയ്താല്‍ സീറ്റ് പിടിക്കാമെന്ന കണക്കു കൂട്ടലാണ് കോണ്‍ഗ്രസിന്.തദ്ദേശ തെരഞ്ഞെടുപ്പില്‍ നഷ്ടമായ ക്രൈസ്തവ വോട്ടുകളെ യു.ഡി.എഫിലേക്ക് അടുപ്പിക്കുകയെന്ന ലക്ഷ്യവും കോണ്‍ഗ്രസിനുണ്ട്. ഇക്കാര്യങ്ങള്‍ ഉഭയകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് ഉന്നയിക്കും.
ബിഷപ്പ് മുന്നോട്ട് വെച്ച നിര്‍ദേശം ലീഗിനെക്കൊണ്ട് അംഗീകരിപ്പിക്കാമെന്നും പാര്‍ട്ടി കരുതുന്നു. എന്നാല്‍ രൂപതയുടെ ആവശ്യപ്രകാരം തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയും ക്രൈസ്തവ സമുദായാംഗത്തെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്താല്‍ മണ്ഡലത്തിലെ മുസ്ലീം വോട്ടുകള്‍ നഷ്ടമാകുമോയെന്ന ആശങ്ക ലീഗും പങ്കു വെക്കുന്നു. മൂന്നാം തിയതിക്കു ശേഷം തിരുവമ്പാടി സീറ്റിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനം അറിയിക്കാമെന്നാണ് താമരശേരി രൂപതക്ക് കെ.വി തോമസ് നല്‍കിയിരിക്കുന്ന ഉറപ്പ്.