Kerala

തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ ലക്ഷ്യം വച്ച് ബി.ജെ.പി; സമുദായ വോട്ടുകളിൽ കണ്ണുവച്ച് നീക്കങ്ങൾ

ഉപതെരഞ്ഞെടുപ്പ് ചൂട് തുടങ്ങുന്നുവെങ്കിലും ബി.ജെ.പി നേരത്തെ തയ്യാറാക്കിയി പദ്ധതിയിൽ ഉറച്ച് മുന്നോട് നീങ്ങുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് ലക്ഷ്യമിടുന്നത്. ഇതിനായി പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തെ പരമാവധി വാർഡുകളിൽ മത്സരിക്കും. തിരുവനന്തപുരം കോർപറേഷനും പാലക്കാട് നഗരസഭയുടെയും ഭരണം കൈപിടിയിലാക്കലാണ് പ്രധാന ലക്ഷ്യം.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിൽ 34 പേരാണ് ബി.ജെ.പി ചിഹ്നത്തിൽ ജയിച്ചത്. ഒരു ബിജെപി സ്വതന്ത്രൻ അടക്കം 35 പേരുമായാണ് പ്രതിപക്ഷത്ത് ഇരിക്കുന്നത്. 22 അംഗങ്ങൾ മാത്രം ജയിച്ച യു.ഡി.എഫ് ഇടതുമുന്നണിക്ക് പിന്തുണ നൽകുകയാണ് ചെയ്തത്. ബി.ജെ.പിയെ ഭരണത്തിൽ നിന്ന് അകറ്റാനായിരുന്നു യു.ഡി.എഫ് പിന്തുണ. എന്നാൽ ഇക്കുറി തലസ്ഥാന നഗരഭരണം പിടിക്കാനാണ് ബി.ജെ.പി ലക്ഷ്യം.

ഓരോ വാർഡിനും പ്രത്യേക ചുമതലക്കാർ വോട്ടർ പട്ടികയനുസരിച്ച് ബൂത്ത് തല ചുമതല ഇങ്ങനെ ബി ജെ പി സംഘടനാ സംവിധാനം ശക്തിപെടുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനാണ് മുഴുവൻ ഏകോപന ചുമതല. ബി ഡി ജെ എസ് അടക്കമുള്ളവരുമായി തിരുവനന്തപുരത്ത് ചർച്ചകൾ പൂർത്തിയാക്കി. സംവരണ വാർഡുകളുടെ കാര്യത്തിൽ തീരുമാനമായാൽ സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കും.

സംസ്ഥാനത്ത് ഇരുപതോളം നഗരസഭകളിലാണ് ബി ജെ പി കണ്ണു വക്കുന്നത്. ഇതിൽ പാലക്കാട് പിടിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തു. ഇവിടെയും പ്രത്യേക സംഘടനാ ശ്രദ്ധ ചെലുത്തിയാണ് പ്രവർത്തനങ്ങൾ.കഴിഞ്ഞ തവണ വഴുതിയ ഭരണം ഇക്കുറി കിട്ടുമെന്നാണ് ബി ജെ പി പ്രതീക്ഷ.

സംസ്ഥാനത്ത് തന്നെ സമുദായ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാകും എന്നാണ് പ്രതീക്ഷ. ഇത് മുന്നിൽ വച്ചാണ് നീക്കങ്ങൾ. നായർ , ഈഴവ വോട്ടുകൾ പ്രാദേശികമായി പരമാവധി സമാഹരിക്കുക. അത് നിയമസഭാ തെരഞ്ഞെടുപ്പിലും ഉറപ്പാക്കുക എന്നതാണ് ബി ജെ പി പദ്ധതി. ബി ഡി ജെ എസുമായി നിലനിൽക്കുന്ന പിണക്കം മാറ്റാൻ ശ്രമം തുടങ്ങി. കേന്ദ്ര സർക്കാറിന് കീഴിലെ ബോർഡ് കോർപറേഷൻ സ്ഥാനങ്ങൾ ലഭിക്കണമെന്നതാണ് ബി ഡി ജെ എസ് ആവശ്യം. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നാണ് ബി ജെ പി നേതൃത്വം ഉറപ്പ് നൽകിയിരിക്കുന്നത്.