Kerala

സ്പീക്കറെ നീക്കണമെന്ന പ്രമേയം 21ന് നിയമസഭ ചർച്ച ചെയ്യും

സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന പ്രമേയം നിയമസഭ 21ന് ചർച്ച ചെയ്യും. രണ്ട് മണിക്കൂറാണ് സഭയിൽ ചർച്ച നടക്കുന്നത്. സഭാ സമ്മേളനം 22ന് അവസാനിപ്പിക്കാനും ഇന്ന് ചേർന്ന കാര്യോപദേശക സമിതി തീരുമാനിച്ചു. 28 വരെയാണ് സഭാ സമ്മേളനം നേരത്തെ നിശ്ചയിച്ചിരുന്നത്

നിയമസഭയുടെ ചരിത്രത്തിൽ മൂന്നാം തവണ സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം പരിഗണിക്കാനൊരുങ്ങുന്നത്. സ്വർണക്കള്ളക്കടത്ത് കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന പി.ശ്രീരാമകൃഷ്ണനെ സ്പീക്കർ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന എം.ഉമ്മറിന്‍റെ പ്രമേയമാണ് 21 ന് ഉച്ചയ്ക്ക് 12ന് രണ്ടു മണിക്കൂർ നിയമസഭ ചർച്ച ചെയ്യുക. ഈ സമയം ഡെപ്യൂട്ടി സ്പീക്കറാകും സഭ നിയന്ത്രിക്കുക. സ്പീക്കർ അംഗങ്ങളോടൊപ്പം ഇരിക്കണം. അതസമയം ആരോപണങ്ങൾക്ക് അദ്ദേഹത്തിന് മറുപടി പറയാം. അതിന് ശേഷം വോട്ടിനിടും. ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളത് കൊണ്ട് പ്രമേയം പരാജയപ്പെടും.

അതേ സമയം ശ്രീരാമകൃഷ്ണനെതിരെ ഉയർത്തിയ ആരോപണങ്ങൾ സഭാതലത്തിൽ രാഷ്ട്രീയമായ ഉന്നയിക്കാൻ പ്രതിപക്ഷത്തിന് കഴിയും.

പതിനാറു വർഷത്തിനുശേഷമാണ് സ്പീക്കറെ നീക്കം ചെയ്യൽ പ്രമേയം ചർച്ചക്കെടുക്കുന്നത്. 2004 വക്കം പുരുഷോ ത്തമനെതിരെയും 1982ൽ എ.സി ജോസിനെതിരെ യുമാണ് ഇതിന് മുമ്പ് സമാനമായ പ്രമേയം സഭാതലത്തിൽ വന്നത്. കെ.കരുണാകൻ സർക്കാരിനെ കാസ്റ്റിങ് വോട്ടിലൂടെ നിലനിർത്തിയതിനാണ് എ.സി. ജോസിനെതിരെ പ്രമേയം കൊണ്ടുവരാൻ കാരണമായത്.2004 ലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് റിബൽ സ്ഥാനാർത്ഥിയായിരുന്ന കോടോത്ത് ഗോവിന്ദൻ നായരെ പിന്തുണക്കുന്ന കോൺഗ്രസ് എം എൽ എ മാരെ ഭീഷണിപ്പെടുത്തുവെന്നാരോപിച്ചായിരുന്നു വക്കം പുരുഷോത്തമനെതിരായ നോട്ടീസ്.

രണ്ട് പ്രമേയങ്ങളും പരാജയപ്പെട്ടു.

പ്രമേയാവതരണത്തിന് കാര്യോപദേശക സമിതി അനുമതി നൽകിയതിൽ സഭാസമ്മേളനം വെട്ടിച്ചുരുക്കണമെന്ന സർക്കാർ നിർദ്ദേശത്തെ പ്രതിപക്ഷം എതിർത്തില്ല. 22 ന് സഭ പിരിയും. അതനുസരിച്ച് ബജറ്റ് ചർച്ച പുന:ക്രമീകരിക്കും.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച നാളെ ആരംഭിക്കും.