തട്ടേക്കാട് പക്ഷി സങ്കേതം നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതിയിൽ ഹർജി. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ കാര്യത്തിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് വാദം. നിലപാട് അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിരിക്കുകയാണ്.
ജസ്റ്റിസ് വി.ജി. അരുണാണ് കിഫ എന്ന സംഘടനയുടെ ഭാരവാഹികൾ സമർപ്പിച്ച ഹർജി പരിഗണിച്ചത്. ഹർജി ഓണാവധിയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചു. എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് തട്ടേക്കാട്. കോതമംഗലം പട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണിത്. ഇവിടെയാണ് ഡോ. സാലിം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്.
തട്ടേക്കാടിന്റെ രണ്ട് വശങ്ങളിലൂടെയാണ് പെരിയാറിന്റെ രണ്ട് കൈവഴികൾ ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ സംഭരണപ്രദേശത്ത് വന്നുചേരുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന വനപ്രദേശത്തോടുകൂടിയ ഒരു മുനമ്പാണ് തട്ടേക്കാട്. പക്ഷി നിരീക്ഷകരേയും സഞ്ചാരികളേയും ആകർഷിക്കുന്ന തട്ടേക്കാട് കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്.