Kerala

യു.ഡി.എഫ് പ്രകടന പത്രികയിലെ ‘തരൂര്‍ ടച്ച്’

ക്ഷേമ- വികസന പ്രവര്‍ത്തനങ്ങളിലൂടെ ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാണ് യു.ഡി.എഫ് പ്രകടന പത്രിക മുന്നോട്ടുവെക്കുന്നത്. ന്യായ് പദ്ധതി, ശബരിമല നിയമ നിര്‍മ്മാണം, 3000 രൂപ ക്ഷേമ പെന്‍ഷന്‍, പീസ് ആൻഡ് ഹാർമണി എന്ന പേരിൽ പുതിയ വകുപ്പ് തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയുടെ കാതല്‍.

ഡോ. ശശി തരൂര്‍ എംപിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് ജനങ്ങളില്‍നിന്നും മറ്റു സംഘടനകളില്‍നിന്നും സ്വരൂപിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ചാണ് യു.ഡി.എഫ് പ്രകടന പത്രികയ്ക്ക് രൂപം നല്‍കിയത്.

എല്ലാ വിഭാഗങ്ങളുമായി സംസാരിച്ച് പ്രകടന പത്രിക തയ്യാറാക്കാനുള്ള നിര്‍ണ്ണായ ദൗത്യമായിരുന്നു ശശി തരൂരില്‍ നിക്ഷിപ്തമായത്. യുവാക്കളെയും മതന്യൂനപക്ഷങ്ങളെയും ഒപ്പം നിർത്താൻ ഈ വിഭാഗങ്ങൾക്ക് സമ്മതനായ ശശി തരൂര്‍ തന്നെ കളത്തിലിറങ്ങിയത് പദ്ധതിക്ക് സ്വീകാര്യത വര്‍ധിപ്പിച്ചു.

ടോക്ക് ടു തരൂർ എന്ന പേരില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടത്തിയ മുഖാമുഖ ചര്‍ച്ചകള്‍ വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അതുകൊണ്ടു തന്നെ വിവിധ മേഖലകളെ സമഗ്രമായി സ്പർശിക്കുന്ന ഒരു പ്രകടന പത്രികയാണ് പുറത്തിറക്കിയതെന്ന അവകാശ വാദം യു.ഡി.എഫിനുണ്ട്.

യു.ഡി.എഫിന്‍റെ പ്രകടന പത്രിക മുറിയടച്ച് തയ്യാറാക്കിയതല്ലെന്നാണ് ശശി തരൂരിന്‍റെ പ്രസ്താവന. നിങ്ങള്‍ക്കെന്തുവേണമെന്ന ചോദ്യത്തിന് ജനം തന്ന മറുപടിയാണ് പത്രികയിലുള്ളതെന്നും അതുകൊണ്ടു തന്നെ ഇതൊരു ജനകീയ മാനിഫെസ്റ്റോയാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.