മോദി അനുകൂല പരാമർശവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ നടപടിയെടുക്കണമെന്ന് കെ.പി.സി.സി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടേക്കും. ആവശ്യപ്പെടാൻ സാധ്യത. പരാമർശത്തിൽ ഉറച്ചുനിൽക്കുകയും തന്റെ ഭാഗം തരൂർ ന്യായീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കെ.പി.സി.സിയുടെ നീക്കം. കെ. മുരളീധരനടക്കമുള്ള കോൺഗ്രസ് നേതാക്കൾ വീണ്ടും തരൂരിനെതിരെ വിമർശനവുമായി രംഗത്തെത്തി.
മോദി അനുകൂല പരാമർശം നടത്തിയെന്ന പേരിൽ ശശി തരൂരിനോട് വിശദീകരണം തേടാൻ കഴിഞ്ഞ ദിവസം കെ.പി.സി.സി തീരുമാനിച്ചിരുന്നു. എന്നാൽ വെബ് പോർട്ടലിൽ എഴുതിയ ലേഖനത്തിൽ തന്റെ വാദങ്ങൾ ആവർത്തിക്കുകയാണ് ശശി തരൂർ ചെയ്തത്. തന്നെ വിമർശിച്ച നേതാക്കളെ തരൂർ പരിഹസിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തരൂരിനെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെടണമെന്ന വാദത്തിന് ശക്തി വർദ്ധിച്ചത്. തനിക്കെതിരായ പരിഹാസത്തിന് മറുപടി പറഞ്ഞ മുരളീധരനും നടപടി ആവശ്യം മുന്നോട്ടുവച്ചു.
മോദി വിരുദ്ധ വികാരം ഉള്ള കേരളത്തിൽ അതിൽ മോദി അനുകൂല പരാമർശം നടത്തുന്നത് മൂലമുണ്ടാകാവുന്ന തിരിച്ചടിയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ പ്രധാന ആശങ്ക. അത് ഫാസിസ്റ്റ് നടപടികൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന മോദി സർക്കാരിന്റെ ഏത് നല്ല കാര്യം കണ്ടാണ് പ്രശംസിക്കേണ്ടത് എന്ന ചോദ്യവും നേതാക്കൾ ഉന്നയിക്കുന്നു. എന്നാൽ ജയറാം രമേശിന്റെ പ്രസ്താവനയെ പിന്തുണച്ചു എന്നല്ലാതെ പുതിയൊരു പരാമർശവും നടത്താത്ത തരൂരിനെതിരെ ഇത്രയും ആക്രമണം ആവശ്യമുണ്ടോ എന്ന് ചിന്തിക്കുന്നവരും പാർട്ടിക്കകത്തുണ്ട്. തന്നെ വിമർശിച്ച സംസ്ഥാനത്തെ നേതാക്കൾക്ക് തരൂർ മറുപടി പറഞ്ഞതും തരൂരിനോട് ഉള്ള കർശന നിലപാടിനെ കാരണമായെന്നാണ് സൂചന. വിദേശ സന്ദർശനത്തിലുള്ള ശശി തരൂർ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ തിരിച്ചെത്തും. അതിന് ശേഷമാകും കെ.പി.സി.സിക്ക് വിശദീകരണം നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ തരൂർ നിലപാട് വ്യക്തമാക്കുക.