തന്റെ കിഫ്ബി പോലുള്ള ഉഡായിപ്പ് പദ്ധതിയാണ് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച പാവങ്ങള്‍ക്കുള്ള 72,000 രൂപയുടെ മിനിമം വരുമാന പദ്ധതിയും എന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് തെറ്റിദ്ധരിച്ചതാണ് അദ്ദേഹത്തിന്റെ വിമര്‍ശനത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് തൊഴിലുറപ്പ് വരുത്തി കൂലിയായി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വര്‍ഷം 72000 രൂപ നിക്ഷേപിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതി ദാരിദ്ര്യം തുടച്ചു നീക്കുന്നതിനുള്ള ഐതിഹാസികമായ കാല്‍വെയ്‌പ്പാണ്. സാമ്ബത്തിക വിദഗ്ധരുമായി മാസങ്ങളോളം കൂടിയാലോചിച്ച് തയ്യാറാക്കിയ പദ്ധതി വെറുമൊരു വാഗ്ദാനമല്ല, അധികാരത്തിലേറിയാല്‍ നടപ്പാക്കുന്നതിന് വേണ്ടി തയ്യാറാക്കിയ പദ്ധതിയാണ്.
ഇതിനുള്ള പണത്തിന്റെ സ്രോതസ് എവിടെ നിന്നാണെന്നാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് ചോദിക്കുന്നത്. ഉഡായിപ്പ് തന്ത്രങ്ങളുമായി കോണ്‍ഗ്രസ് രംഗത്തിറങ്ങിയിരിക്കുകയാണെന്നാണ് തോമസ് ഐസക്ക് പറയുന്നത്. കഷ്ടിച്ച് 6000 കോടി മാത്രം കയ്യില്‍ വച്ചു കൊണ്ട് 50,000 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് പറയുന്ന തന്റെ കിഫ്ബി പോലെ മറ്റൊരു ഉഡായിപ്പ് പദ്ധതിയാണ് രാഹുലന്റെതുമെന്നാണ് തോമസ് ഐസക്ക് തെറ്റിദ്ധരിച്ചിരിക്കുന്നത്. താന്‍ ചെയ്യുന്ന തട്ടിപ്പ് പണിയാണ് മറ്റുള്ളവരും നടത്തുന്നതെന്ന് കരുതുന്ന തോമസ് ഐസക്കിനോട് സഹതപിക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ.
2004 ല്‍ യു.പി.എ സര്‍ക്കാര്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രഖ്യാപിച്ചപ്പോഴും തോമസ് ഐസക്കിനെപ്പോലുള്ളവര്‍ പണം എവിടെ നിന്നാണെന്ന് ചോദിച്ചിട്ടുണ്ട്. എന്നിട്ട് അത് ഭംഗിയായി നടപ്പാക്കി കാണിച്ചില്ലേ? കോടിക്കണക്കിന് രൂപയാണ് ആ പദ്ധതി വഴി പാവങ്ങള്‍ക്ക് ലഭിച്ചത്. 60,000 കോടി രൂപയാണ് ഈ പദ്ധതിക്ക് വേണ്ടി ബഡ്ജറ്റില്‍ നീക്കിവച്ചിട്ടുള്ളത്. ആ പദ്ധതിയുടെ വികസിത രൂപമാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച പുതിയ പദ്ധതി.ഒന്നാം യു.പി.എ സര്‍ക്കാര്‍ കര്‍ഷകരുടെ 72,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയ കാര്യം തോമസ് ഐസക്ക് മറന്നു പോകരുത്. പ്രഖ്യാപിക്കുക മാത്രമല്ല അത് നടപ്പാക്കുന്ന ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്.
ബാങ്കുകളുടെ കിട്ടാക്കടമായി കേന്ദ്ര സര്‍ക്കാര്‍ എഴുതി തള്ളിയത് മാത്രം 3.4 ലക്ഷം കോടിയാണെന്ന കാര്യമെങ്കിലും തോമസ് ഐസക്ക് ഓര്‍ക്കണ്ടേ? അത്രയും കാശ് വേണ്ട ഈ പദ്ധതി നടപ്പാക്കാന്‍. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച പദ്ധതി പ്രായോഗികമാണെന്ന് മുന്റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെപ്പോലുള്ളവര്‍ പ്രകീര്‍ത്തിച്ചപ്പോഴാണ് തോമസ് ഐസക്ക് അതിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ബിജെപിക്കാര്‍ പോലും ഉയര്‍ത്താത്ത അടിസ്ഥാന രഹിതമായ വിമര്‍ശനം ഉയര്‍ത്തുന്ന തോമസ് ഐസക്ക് ഫലത്തില്‍ ബിജെപിയെ സഹായിക്കുകയാണ് ചെയ്യുന്നത്.
മോദി സര്‍ക്കാര്‍ വളരെ വികൃതമായി ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ അതിനെ അനുകൂലിച്ച് ബിജെപിക്കാരെക്കാള്‍ ആവേശത്തില്‍ തുള്ളിച്ചാടിയ ആളാണ് തോമസ് ഐസക്ക്. എന്നിട്ട് എന്തുണ്ടായി? തോമസ് ഐസക്കിന്റെ വിലയിരുത്തലിന് അത്ര വില കല്പിച്ചാല്‍ മതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.