India Kerala

താമരശ്ശേരി രൂപതയുടെ ക്വാറി: വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പള്ളി പ്രതിക്കൂട്ടില്‍

ഓരോ വർഷവും ക്വാറി സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് കൊടുത്തുവെന്നും ഖനനം നടത്തിയത് കരാറുകാരാണെന്നുമാണ് പള്ളിയുടെ വാദം. ക്വാറിയുടെ സമീപത്തുണ്ടായിരുന്ന സെമിത്തേരി പള്ളി ഇടിച്ച് നിരത്തിയിരുന്നു.

താമരശ്ശേരി രൂപതയുടെ കീഴിലുള്ള പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയുടെ സഥലത്ത് 25 വർഷം ക്വാറി പ്രവർത്തിച്ചത് അനധികൃതമായാണെന്ന് കൂടരഞ്ഞി വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്. സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാനുള്ള ലൈസൻസോ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോ ഇല്ലാതെയാണ് ഖനനം നടത്തിയതെന്ന് ജില്ലാ കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

1990 മുതൽ 2015 വരെയുള്ള കാലയളവിലാണ് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കരിങ്കല്‍ ഖനനം നടന്നത്. ആവശ്യമായ അനുമതികളൊന്നും വാങ്ങാതെയായിരുന്നു ഖനനമെന്നാണ് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്. ക്വാറി പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനിവാര്യമായ എക്സ്പ്ലോസീവ് ലൈസൻസ് പള്ളി വക ക്വാറിക്ക് ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണവും കർശന നടപടികളുമാണ് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നത്.

ഓരോ വർഷവും ക്വാറി സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് കൊടുത്തുവെന്നും ഖനനം നടത്തിയത് കരാറുകാരാണെന്നുമാണ് പള്ളിയുടെ വാദം. ക്വാറിയുടെ സമീപത്തുണ്ടായിരുന്ന സെമിത്തേരി കഴിഞ്ഞ ദിവസം പള്ളി ഇടിച്ച് നിരത്തിയിരുന്നു. ക്വാറി പുനരാരംഭിക്കുന്നതിന് വേണ്ടിയാണിതെന്നാണ് ഒരു വിഭാഗം വിശ്വാസികളുടെ ആരോപണം.