നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള ഏഴ് പേരുടെ സാമ്പിൾ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതോടെ ഇതുവരെ 68 പേരുടെ സാമ്പിളുകളാണ് നെഗറ്റിവ് ആയതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
274 പേർ സമ്പർക്കപ്പട്ടികയിലുണ്ട്. ഇതിൽ 149 പേർ ആരോഗ്യ പ്രവർത്തകരാണ്. ഏഴ് പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെന്നും മന്ത്രി അറിയിച്ചു. ആർക്കും തീവ്ര രോഗ ലക്ഷണങ്ങൾ ഇല്ലെന്ന് മന്ത്രി പറഞ്ഞു. അസ്വാഭാവിക പനിയോ ലക്ഷണങ്ങളോ പ്രദേശത്ത് ഇല്ല. അത് നല്ല സൂചനയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, നിപ വൈറസിന്റെ ഉറവിടം കണ്ടെത്താൻ വേണ്ടി പൂനെ വൈറോളജി ലാബിൽ നിന്നുള്ള സംഘം കോഴിക്കോട് ചാത്തമംഗലത്തെത്തി. മേഖലയിലെ വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളിൽ സംഘം പരിശോധന നടത്തി. പ്രത്യേക കെണി ഉപയോഗിച്ച് നാളെ രാത്രി വവ്വാലുകളെ പിടികൂടി സാമ്പിൾ ശേഖരിക്കും. വനം വകുപ്പിന്റെ സഹായത്തോടെയാണ് സംഘം വവ്വാലുകളെ പിടികൂടുക.