Kerala

‘ആവിക്കല്‍ത്തോട് സമരത്തിന് പിന്നില്‍ തീവ്രവാദം’; ഗുരുതര ആരോപണവുമായി മന്ത്രി എം വി ഗോവിന്ദന്‍

കോഴിക്കോട് ആവിക്കല്‍ത്തോട് മാലിന്യസംസ്‌കരണപ്ലാന്റ് നിര്‍മാണത്തെ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ്. എം കെ മുനീറാണ് നോട്ടീസ് നല്‍കിയത്. ഹര്‍ത്താല്‍ ആചരിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ജനങ്ങളെ പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നെന്ന് നിയമസഭയില്‍ എം കെ മുനീര്‍ പറഞ്ഞു. എന്നാല്‍ ആവിക്കല്‍തോട് വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കപ്പെടുകയായിരുന്നു.

ജനങ്ങളുടെ ജീവനോ ജീവിതത്തിനോ പരിസ്ഥിതിക്കോ മാലിന്യസംസ്‌കരണ പ്ലാന്റ് യാതൊരുവിധ ദോഷവും ചെയ്യില്ലെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. മാലിന്യ സംസ്‌കരണത്തിന് കേന്ദ്രീകൃത പ്ലാന്റുകള്‍ ആവശ്യമാണെന്ന് എം വി ഗോവിന്ദന്‍ മറുപടി പറഞ്ഞു. മാര്‍ച്ചിന് മുന്‍പ് പദ്ധതി നടപ്പിലാക്കിയില്ലെങ്കില്‍ തുക നഷ്ടമാകും. ജനങ്ങളുടെ ആശങ്ക പരിഗണിക്കുമെന്നും മന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞു.

ആവിക്കല്‍ത്തോട്ടിലെ പ്രതിഷേധത്തിന് പിന്നില്‍ തീവ്രവാദമാണെന്ന ഗുരുതരമായ ആരോപണവും മന്ത്രി ഉയര്‍ത്തി. പ്രതിഷേധത്തിന് പിന്നില്‍ എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിയുമാണെന്നും മന്ത്രി ആരോപിച്ചു. ഇന്ന് ലഭ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യയുപയോഗിച്ചാണ് മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മിക്കുന്നത്. പ്ലാന്റ് നിര്‍മാണം സര്‍വകക്ഷി യോഗം അംഗീകരിച്ചതാണ്. എന്നിട്ടും കുഴപ്പമുണ്ടാക്കുന്നത് എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമാണെന്നും എം വി ഗോവിന്ദന്‍ സഭയില്‍ പറഞ്ഞു.