Kerala

21 അംഗ മന്ത്രിസഭ 20 ന് വൈകീട്ട് അധികാരമേല്‍ക്കും

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ മറ്റന്നാള്‍ വൈകീട്ട് നടക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 500 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താനാണ് തീരുമാനം. കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെരായ വിമര്‍ശങ്ങളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. 21 അംഗ മന്ത്രിസഭയാണ് 20 ന് വൈകിട്ട് 3.30 സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് അധികാരമേല്‍ക്കുന്നത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പങ്കെടുക്കുന്നവര്‍ ഉച്ചയ്ക്ക് 2.45ന് മുമ്പായി സ്റ്റേഡിയത്തില്‍ എത്തിച്ചേരേണം. 48 മണിക്കൂറിനകം എടുത്തിട്ടുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പങ്കെടുക്കുന്നവര്‍ ചടങ്ങില്‍ ഉടനീളം നിര്‍ബന്ധമായും ഡബിള്‍ മാസ്ക് ധരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്. ആഘോഷതിമിര്‍പ്പില്‍ നടക്കേണ്ട ചടങ്ങ് കോവിഡ് ആയത് കൊണ്ട് പരിമിതപ്പെടുത്തുകയാണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

കഴിഞ്ഞ തവണ 40000 പേര്‍ പങ്കെടുത്ത ചടങ്ങ്. 50000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയം. 500 പേരെ പങ്കെടുപ്പിക്കുന്നു. ആഘോഷം പാടില്ലെന്ന് വിചാരിക്കുന്നവരാണ് വിമര്‍ശിക്കുന്നത്. ജനങ്ങളുടെ മനസിലാണ് സത്യപ്രതിഞ്ജ നടക്കുന്നത്. വിവിധ മേഖലകളില്‍ പ്രധാനപ്പെട്ടയാള്‍ക്കാര്‍ ചടങ്ങില്‍ ഭാഗമാകും.ന്യായാധിപന്‍മാരെയും അനിവാര്യരായ ഉദ്യോഗസ്ഥരെയുമാണ് ക്ഷണിച്ചിട്ടുള്ളത്. ജനാധിപത്യത്തിന്‍റെ നാലാം തൂണാണല്ലോ മാധ്യമരംഗം. അവരെയും ഒഴിവാക്കാനാവില്ല. ഇതും ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരുപാട് പേര്‍ ഒരു ഹാളില്‍ തിങ്ങിക്കൂടി സത്യപ്രതിജ്ഞ ചെയ്യുന്നത് ഒഴിവാക്കാനാണ് സ്റ്റേഡിയം തെരഞ്ഞെടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.